തൃശൂർ: മണിപ്പൂരിലേത് ആഭ്യന്തരകലാപമല്ലെന്നും വംശീയ ഉന്മൂലനമാണെന്നും എഴുത്തുകാരി അരുന്ധതി റോയ്. കേന്ദ്രവും സംസ്ഥാനവും പട്ടാളവുമെല്ലാം ഉന്മൂലനത്തിന് സഹായിച്ചു. സ്ത്രീകൾ ബലാത്സംഗത്തെ ന്യായീകരിക്കുന്നു, സ്ത്രീകളെ ബലാത്സംഗം ചെയ്യാൻ സ്ത്രീകൾതന്നെ ആഹ്വാനം ചെയ്യുന്ന സ്ഥിതിയാണ്. മണിപ്പൂരിൽമാത്രമല്ല, മറ്റു പലയിടത്തും ഇത് സംഭവിക്കുന്നുണ്ടന്ന് അരുന്ധതി റോയി പറഞ്ഞു. വിശ്വപൗരത്വമാണ് ഫാസിസത്തെ തടയാനുള്ള മാർഗം. ലോക്കലിസത്തെക്കുറിച്ചാണ് ഫാസിസം സംസാരിച്ചുകൊണ്ടിരിക്കുന്നത്.
മണിപ്പൂർ കത്തുമ്പോൾ താൻ തലേന്ന് അത്താഴത്തിന് അപ്പമാണു കഴിച്ചതെന്ന് ട്വീറ്റ് ചെയ്യുകയാണ് പ്രധാനമന്ത്രി ചെയ്യുന്നതെന്നും അരുന്ധതി റോയ് പറഞ്ഞു. തൃശ്ശൂർ സാഹിത്യ അക്കാദമി ഹാളിൽ നവമലയാളി പ്രവാസി കൂട്ടായ്മ ഏർപ്പെടുത്തിയ സാംസ്കാരിക പുരസ്കാരം ഏറ്റുവാങ്ങിയശേഷം സംസാരിക്കുകയായിരുന്നു അരുന്ധതി റോയ്. അവാർഡ് തുകയായ ഒരു ലക്ഷം രൂപ സാമൂഹിക മാറ്റങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന ട്രസ്റ്റിനു നൽകുമെന്നും എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതടക്കമുള്ള പ്രവർത്തനങ്ങൾക്കായി തുക വിനിയോഗിക്കുമെന്നും അരുന്ധതി റോയ് പറഞ്ഞു.