കോന്നി : 12.25 കോടി രൂപ ചിലവിൽ അരുവാപ്പുലം – ഐരവൺ കരകളെ ബന്ധിപ്പിച്ചു കൊണ്ട് അച്ചൻകോവിലാറിന് കുറുകെ നിർമ്മിക്കുന്ന ഐരവൺ പാലത്തിന്റെ നിർമ്മാണ ഉദ്ഘാടനം വ്യാഴാഴ്ച്ച രാവിലെ 11ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ.പി എ മുഹമ്മദ് റിയാസ് നിർവ്വഹിക്കുമെന്നു അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ അറിയിച്ചു. കോന്നിയുടെ വികസന സ്വപ്നങ്ങൾക്ക് മാറ്റു കൂട്ടുന്ന ഐരവൺ പാലത്തിന്റെ നിർമാണം പ്രദേശവാസികളുടെ ദീർഘനാളായുള്ള ആവശ്യമായിരുന്നു. അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ യുടെ ശ്രമഫലമായി റീ ബിൽഡ് കേരള ഇനിഷ്യേറ്റീവിൽ ഉൾപ്പെടുത്തി 12.25 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. പൊതു മരാമത്ത് പാലം വിഭാഗത്തിനാണ് നിർവഹണ ചുമതല.
കൊല്ലം സ്വദേശിയായ കരാറുകാരൻ കെ രാജീവ് ആണ് പ്രവൃത്തി ഏറ്റെടുത്തിട്ടുള്ളത്. പാലത്തിനു ആകെ 183.7 മീറ്റർ നീളവും ഇരുവശത്തും 1.5 മീറ്റർ വീതിയുള്ള നടപ്പാതയോടും കൂടി ആകെ 11 മീറ്റർ വീതിയുമാണുള്ളത്. പാലത്തിന് നദിക്കു കുറുകെ 3 സപാനുകളും ഇരുകരകളിലുമായി 6 ലാൻഡ് സപാനുകളുമാണുള്ളത്. ഇവയിൽ 1 ലാൻഡ് സപാൻ ഐരവൺ ഭാഗത്തും 5 ലാൻഡ് സപാനുകൾ അരുവാപ്പുലം ഭാഗത്തുമാണുള്ളത്. നദിക്ക് കുറുകേയുള്ള സ്പാനുകൾക്ക് പോസ്റ്റ് ടെൻഷൻഡ് പിഎസ്‌സി ഗർഡർ രൂപകൽപ്പനയും ലാൻഡ് സ്പാനുകൾക്ക് ആർസിസി സ്ലാബ് ഇന്റഗ്രേറ്റഡ് വിത്ത് സബ്സ്ട്രക്ചർ രൂപകൽപ്പനയുമാണ് സ്വീകരിച്ചിരിക്കുന്നത്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ബി എം& ബിസി ഉപരിതല നിർമ്മാണവും ആവശ്യമുള്ള ഭാഗങ്ങളിൽ സംരക്ഷണ ഭിത്തിയും ഉൾപ്പെടുത്തിയാണ് പാലത്തിനുള്ള സമീപനപാത വിഭാവനം ചെയ്തിട്ടുള്ളത്. ഈ പ്രവൃത്തിയുടെ പൂർത്തീകരണ കാലാവധി ഒന്നര വർഷമാണ്.
അരുവാപ്പുലം പഞ്ചായത്ത് പടിയിൽ വ്യാഴം രാവിലെ 11 മണിക്ക് പൊതുമരാമത്ത് മന്ത്രി അഡ്വ പി എ മുഹമ്മദ് റിയാസ് നിർവഹിക്കും. അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ അധ്യക്ഷത വഹിക്കും ജനപ്രധിനിധികൾ, ഉദ്യോഗസ്‌ഥ പ്രമുഖർ, രാഷ്ട്രീയ പാർട്ടി പ്രധിനിധികൾ എന്നിവർ പങ്കെടുക്കും. പാലത്തിന്റെ നിർമ്മാണ പ്രവർത്തി പൂർത്തീകരിക്കുന്നത്തോടെ അരുവാപ്പുലം പഞ്ചായത്തിലെ 4വാർഡുകളെ മറ്റു 11വാർഡുകളുമായി ബന്ധിപ്പിക്കാൻ സാധിക്കും. ഈ പാലം കോന്നി മെഡിക്കൽ കോളേജിലേക്കുള്ള എളുപ്പവഴിയുമാകും. അരുവാപ്പുലം പഞ്ചായത്ത് ഓഫീസ്, കൃഷി ഭവൻ തുടങ്ങിയ ഓഫീസുകൾ സ്ഥിതി ചെയ്യുന്നതിന്റെ മറുകരയിലാണ് ആനകുത്തി, ഐരവൺ, കുമ്മണ്ണൂർ, മുളകുകൊടിത്തോട്ടം എന്നീ വാർഡുകൾ സ്ഥിതിചെയ്യുന്നത്. ഈ നാല് വാർഡുകളിലെ ആളുകൾ കിലോമീറ്ററുകൾ യാത്ര ചെയ്ത് കോന്നി ടൗണിലൂടെ മാത്രമേ അരുവാപ്പുലത്തെത്തി വിവിധ ആവശ്യങ്ങൾ സാധിക്കാൻ കഴിയുകയുള്ളു.
അക്കരെയിക്കരെ കടക്കാൻ ഐരവൺ, അരുവാപ്പുലം കരകളെ ബന്ധിപ്പിച്ച് പാലമുണ്ടാവുക എന്നത് പ്രദേശവാസികളുടെ വർഷങ്ങളായുള്ള ആവശ്യമാണ്. കെ യു ജനീഷ് കുമാർ എം എൽ എയുടെ ശ്രമഫലമായാണ് പാലം യഥാർഥ്യമാകുന്നത്. അച്ചൻകോവിൽ -ചിറ്റാർ മലയോര ഹൈവേയിലൂടെ എത്തുന്ന തമിഴ്നാട് സ്വദേശികൾക്കടക്കം കോന്നിയിൽ എത്താതെ അരുവാപ്പുലത്തുനിന്നും ഐരവൺ പാലത്തിലൂടെ മെഡിക്കൽ കോളേജിലെത്താം. മെഡിക്കൽ കോളേജിലേക്കുള്ള പാലം കോന്നി ടൗണിലെ തിരക്കിൽ പെടാതെ രോഗികൾക്ക് ആശുപത്രിയിൽ എത്താൻ സഹായകമാകും.