ന്യൂഡൽഹി: വാരണാസിയിലെ ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടി രണ്ടുപേർക്ക് പരിക്ക്. ഏകദേശം ഇന്ന് രാവിലെ 9.30-നായിരുന്നു സംഭവം. ഒരു സ്ത്രീക്കും കുട്ടിക്കുമാണ് പരിക്കേറ്റത്. ഇരുവരെയുെം ചികിത്സയ്ക്കായി ന്യൂ ലക്ഷ്മി ട്രോമ സെന്ററിലേക്ക് മാറ്റി. സംഭവത്തെത്തുടർന്ന് വിമാനത്താവളത്തിൽ യാത്രക്കാർക്കിടയിൽ പരിഭ്രാന്തി ഉടലെടുത്തു. യാത്രാവേളകളിൽ സുരക്ഷാ പരിശോധനകളും അതീവ കർശനമായ നിയമങ്ങളും നിലനിൽക്കുന്ന വിമാനത്താവളത്തിനുള്ളിൽ ഇത്തരത്തിലുള്ള ഒരു അപകടം നടന്നത് വൻ സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. യാത്രക്കാരന്റെ പക്കലുണ്ടായിരുന്ന തോക്ക് എങ്ങനെയാണ് കൈകാര്യം ചെയ്തതെന്നും അത് സുരക്ഷാ പരിശോധനകളിൽ എങ്ങനെ കടന്നുപോയി എന്നതിനെക്കുറിച്ചും അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദിനംപ്രതി ആയിരക്കണക്കിന് ആളുകൾ ആശ്രയിക്കുന്ന വിമാനത്താവളങ്ങളിൽ തോക്കുകളും മറ്റ് ആയുധങ്ങളും കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ കൂടുതൽ കർശനമാക്കണമെന്ന ആവശ്യം ഇതിനോടകം ശക്തമായിട്ടുണ്ട്. സാധാരണക്കാരായ യാത്രക്കാരുടെ ജീവന് ഭീഷണിയുയർത്തുന്ന ഇത്തരം അശ്രദ്ധമായ പെരുമാറ്റങ്ങൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. പ്രാദേശിക പോലീസിനെ വിവരം അറിയിച്ചിട്ടുണ്ടെന്നും സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്നും വാരണാസി വിമാനത്താവള ഡയറക്ടർ പറഞ്ഞു.





























