തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ കോലാനിയിലാണ് സംഭവം. മാർവൽ കമ്പനിയിലാണ് അഗ്നിബാധയുണ്ടായത്. രാവിലെ 9ഓടെയാണ് സംഭവം. യൂണിറ്റ് പൂർണമായും കത്തി. തൊടുപുഴ, കൂത്താട്ടുകുളം എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമം നടത്തുകയാണ്. മെത്തയിലേക്ക് തീപടർന്നതോടെ പ്രദേശത്ത് കനത്ത പുകയുയർന്നു. ഷോർട്ട് സർക്യൂട്ട് ആണ് അപകട കാരണമെന്നാണ് പ്രാഥിക നിഗമനം. ഞായറാഴ്ചയായിരുന്നതിനാൽ നിർമാണ യൂണിറ്റിൽ തൊഴിലാളികളുണ്ടായിരുന്നില്ല. അതിനാൽ ആളപായം ഒഴിവായി.
കഴിഞ്ഞ ദിവസം പട്ടത്ത് മെത്തക്കടയ്‌ക്ക് തീപിടിച്ചിരുന്നു. മൂന്ന് ഫയർഫോഴ്‌സ് യൂണിറ്റുകളെത്തിയാണ് തീ അണച്ചത്. തീപടരുന്നത് ശ്രദ്ധയിൽപ്പെട്ട ആശാ വർക്കറാണ് ഫയർഫോഴ്‌സിനെ വിവരം അറിയിച്ചത്. അവശിഷ്‌ടങ്ങൾ കൂട്ടിയിട്ടിരിക്കുന്ന സ്ഥലത്താണ് തീപിടുത്തമുണ്ടായത്. അവശിഷ്‌ടങ്ങൾ ഇവിടെനിന്ന് നീക്കണമെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഉടമ അതിന് തയ്യാറായില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു.






























