ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ. പാർട്ടി നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകിയിട്ടുണ്ടെന്ന് തുറന്നുപറഞ്ഞ സുധാകരൻ സ്വന്തം കുടുംബത്തിൽപ്പെട്ട ഒരാൾക്കും ജോലി നൽകിയിട്ടില്ലെന്നും വ്യക്തമാക്കി. എച്ച്. സലാമിന്റെയും പി.പി. ചിത്തരഞ്ജന്റെയും ഭാര്യമാർക്ക് സഹകരണ വകുപ്പിന് കീഴിൽ ജോലി നൽകിയിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. ‘ഇതൊന്നും മാധ്യമങ്ങൾ കാണില്ല’ എന്ന പരിഹാസത്തോടെയാണ് സുധാകരൻ ഇക്കാര്യം ഉന്നയിച്ചത്. രാഷ്ട്രീയ നേതാക്കളുടെ കുടുംബാംഗങ്ങൾക്ക് ലഭിക്കുന്ന സ്ഥാനങ്ങളും നിയമനങ്ങളും വീണ്ടും ചർച്ചയാകുന്നതിനിടെയാണ് മുൻ മന്ത്രി കൂടിയായ സുധാകരന്റെ തുറന്നുപറച്ചിൽ. രാഷ്ട്രീയത്തിൽ വ്യക്തിപരമായ താൽപര്യങ്ങൾക്കല്ല സംശുദ്ധമായ പൊതുപ്രവർത്തനത്തിനാണ് മുൻതൂക്കം നൽകേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പിണറായി വിജയന്റെ മകളുമായി ബന്ധപ്പെട്ട കേസും പ്രസംഗത്തിനിടെ സുധാകരൻ പരാമർശിച്ചു. വിഷയത്തിൽ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പേരും ഉയർന്നുവന്നിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കക്ഷി വ്യത്യാസമില്ലാതെ പണം വാങ്ങിയെന്ന തരത്തിലുള്ള പരാമർശങ്ങളാണ് ഇ.ഡി. റിപ്പോർട്ടിലുള്ളതെന്നും സുധാകരൻ പറഞ്ഞു. എന്നാൽ ആരോപണവിധേയരായവർ ആരെങ്കിലും യഥാർഥത്തിൽ പണം വാങ്ങിയിട്ടുണ്ടോ എന്ന കാര്യം തനിക്ക് അറിയില്ലെന്നും സുധാകരൻ വ്യക്തമാക്കി. ആരോപണങ്ങൾ ഉന്നയിക്കുന്നതിനേക്കാൾ പ്രധാനമായി രാഷ്ട്രീയ നേതാക്കൾ പൊതുജീവിതത്തിൽ സംശുദ്ധതയും സുതാര്യതയും ഉറപ്പാക്കണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.






























