ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക് തടയുന്നതിനുമായി നിലവിലുള്ള ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്ന് യുഎഇ. സുഡാനിലെ ഉപരോധങ്ങൾക്ക് ഒരു മാസത്തേക്ക് കൂടി കാലാവധി നീട്ടാൻ യു.എൻ സുരക്ഷാ കൗൺസിൽ തീരുമാനിച്ചതിന് പിന്നാലെയാണ് യുഎഇയുടെ ആവശ്യം. ഇതോടെ ദാർഫർ മേഖലയിൽ നിലവിലുള്ള ആയുധ ഉപരോധം തുടരും. ഉപരോധത്തിൽ ആവശ്യമായ മാറ്റങ്ങൾ സംബന്ധിച്ച് അംഗരാജ്യങ്ങൾക്ക് ചർച്ച നടത്താൻ കൂടുതൽ സമയം ലഭിക്കുകയും ചെയ്യും. ഒക്ടോബർ 9 വരെയാണ് നിലവിലെ കാലാവധി നീട്ടിയത്.
ഈ സമയം സംഘർഷം അവസാനിപ്പിക്കാൻ സുരക്ഷാ കൗൺസിൽ ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്ന് യു.എന്നിലെ യുഎഇ മിഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. സുഡാനിലെ ദാർഫർ മേഖലയിൽ മാത്രമായി നിലവിലുള്ള ആയുധ ഉപരോധം രാജ്യത്തെ മുഴുവൻ പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കണമെന്നും യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ വിഭാഗങ്ങൾക്കും അവരെ ആയുധങ്ങൾ എത്തിക്കുന്ന ശൃംഖലകൾക്കും ഉപരോധം ബാധകമാക്കണമെന്നും യുഎഇ ആവശ്യപ്പെട്ടു. സംഘർഷത്തിൽ ഏർപ്പെട്ടിരിക്കുന്ന വിഭാഗങ്ങളിലേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക് തടയാനും സാധാരണക്കാരെ സംരക്ഷിക്കാനും ഇത്തരം നടപടികൾ സഹായിക്കും.
ലോകത്തിലെ ഏറ്റവും രൂക്ഷമായ മാനുഷിക പ്രതിസന്ധികളിലൊന്നിലൂടെയാണ് സുഡാൻ കടന്നുപോകുന്നതെന്നും പ്രസ്താവനയിൽ പറഞ്ഞു. യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന ഇരുവിഭാഗങ്ങളെയും അവരുമായി ബന്ധപ്പെട്ട സായുധ സംഘങ്ങളെയും പോരാട്ടം അവസാനിപ്പിക്കാൻ സമ്മർദത്തിലാക്കുന്നതിനും രാജ്യത്ത് സുരക്ഷിതവും തടസ്സമില്ലാത്തതുമായ മാനുഷിക സഹായം ഉറപ്പാക്കുന്നതിനും അടിയന്തര അന്താരാഷ്ട്ര ഇടപെടൽ ആവശ്യമാണെന്നും യുഎഇ വ്യക്തമാക്കി. ക്വാഡ് പങ്കാളികളുമായി അടുത്ത് സഹകരിക്കുന്നത് തുടരുമെന്നും ക്വിന്ററ്റിന്റെയും മറ്റ് അന്താരാഷ്ട്ര, പ്രാദേശിക പങ്കാളികളുടെയും രാഷ്ട്രീയ പരിഹാരത്തിനായുള്ള ശ്രമങ്ങൾക്ക് പിന്തുണ നൽകുമെന്നും യുഎഇ അറിയിച്ചു. സുഡാനിലെ സംഘർഷത്തിന് സൈനിക പരിഹാരമല്ല ഉണ്ടാകേണ്ടതെന്നും തീവ്രവാദ ഗ്രൂപ്പുകളുടെ സ്വാധീനമില്ലാത്ത, സ്വതന്ത്രവും സിവിലിയൻ നേതൃത്വത്തിലുള്ളതുമായ രാഷ്ട്രീയ സംവിധാനമാണ് വേണ്ടതെന്നും യുഎഇ വ്യക്തമാക്കി.
































