കോന്നി : ലോക്ഡൗണ്‍ കാലയളവില്‍ പരമാവധി സമയം കാര്‍ഷിക മേഖലയ്ക്കായി മാറ്റി വയ്ക്കണമെന്ന് കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ ലോക്ക്ഡൗണ്‍ കാലത്ത് വീടുകളില്‍ പച്ചക്കറി കൃഷി നടത്തുന്നതിന് ആവശ്യമായ വിത്തുകളുടെ വിതരണത്തിന്റെ നിയോജക മണ്ഡലതല ഉദ്ഘാടനം അരുവാപ്പുലം കൃഷിഭവനില്‍ നിര്‍വഹിക്കുകയായിരുന്നു എംഎല്‍എ.
നിയോജക മണ്ഡലത്തിലെ 43840 കുടുംബങ്ങളില്‍ പച്ചക്കറിവിത്തുകള്‍ കുടുംബശ്രീ വഴി എത്തിച്ചു നല്‍കുന്നതാണ് പദ്ധതി. ലോക്ക്ഡൗണ്‍ കാലത്ത് ഓരോ വ്യക്തിക്കും ലഭ്യമാകുന്ന സമയം കാര്‍ഷിക മേഖലയ്ക്ക് ഗുണകരമായ നിലയില്‍ ഉപയോഗിക്കാന്‍ ആവശ്യമായ പദ്ധതിയാണ് കൃഷി വകുപ്പ് ഏറ്റെടുത്തിരിക്കുന്നത്. വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സിലില്‍ നിന്നും മേല്‍ത്തരം പച്ചക്കറിവിത്തുകളാണ് ഇതിനായി എത്തിച്ചിരിക്കുന്നത്. ലോക്ഡൗണ്‍ കാലയളവില്‍ ഒരു അടുക്കളത്തോട്ടം തയാറായാല്‍ പച്ചക്കറി സ്വയംപര്യാപ്തതയിലേക്ക് നമുക്ക് നീങ്ങാന്‍ കഴിയുമെന്നും എംഎല്‍എ പറഞ്ഞു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുനില്‍ വര്‍ഗീസ് ആന്റണി അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ കോന്നി വിജയകുമാര്‍, സ്മിത സന്തോഷ്, കൃഷി അസിസ്റ്റന്‍ഡ് ഡയറക്ടര്‍ ലൂയിസ് മാത്യു, കൃഷി ഓഫീസര്‍ ആര്‍. റിയാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.