കോന്നി : 55.5 ലക്ഷം രൂപ ചിലവിൽ നിർമ്മിക്കുന്ന അരുവാപ്പുലം മുതുപേഴുങ്കൽ ആരോഗ്യ ഉപകേന്ദ്രം അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ നിർമ്മാണ ഉദ്ഘാടനം ചെയ്തു. അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ് അധ്യക്ഷത വഹിച്ചു. മുതുപേഴുങ്കൽ ആണ് പുതിയ ആരോഗ്യ ഉപകേന്ദ്രം നിർമ്മിക്കുന്നത്. ഇതിനായി ഗ്രാമ പഞ്ചായത്ത് 5 സെന്റ് സ്‌ഥലം ലഭ്യമാക്കിയിരുന്നു.
അരുവാപ്പുലം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കീഴിലുള്ള മുതുപേഴുങ്കൽ, വയക്കര ആരോഗ്യ ഉപകേന്ദ്രങ്ങൾക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി 55.5 ലക്ഷം രൂപ വീതം അനുവദിച്ചിരുന്നു. അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ 7,8,9 വാർഡുകൾക്കായി പ്രവർത്തിച്ചു വരുന്ന മുതുപേഴുങ്കൽ സബ്‌സെന്റർ ദീർഘ നാളായി വാടക കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്. പുതിയ സബ് സെന്റർ നിർമ്മാണം പൂർത്തികരിക്കുന്നതോടെ രാവിലെ 9 മുതൽ 4 വരെ നഴ്സിംഗ് ജീവനക്കാരുടെ സേവനം ലഭ്യമാകും.
ഗ്രാമ പഞ്ചായത്ത് എഞ്ചിനീയറിങ് വിഭാഗത്തിനാണ് നിർവഹണ ചുമതല.വെയ്റ്റിംഗ് ഏരിയ, ഇങ്കുബേഷൻ റൂം, പരിശോധന മുറി, ശുചി മുറി എന്നിവയാണ് പുതിയ സബ്സെന്റർ കെട്ടിടത്തിൽ നിർമ്മിക്കുന്നത്. ജില്ലാ പഞ്ചായത്ത് അംഗം വി റ്റി അജോമോൻ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വർഗീസ് ബേബി, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു പി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു സി എൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീകുമാർ, വി ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ഷീബ സുധീർ, വി കെ രഘു, ജോജു വർഗീസ്, സന്തോഷ് ടി ഡി, അമ്പിളി, സുരേഷ്, ശ്രീലത, ശ്രീകുമാർ ജി, ഷിബു, ദീദു, ഡോ. രാജേഷ്, അനിൽ കുമാർ, എന്നിവർ പങ്കെടുത്തു.