ദില്ലി: ദില്ലി മദ്യ നയക്കേസില്‍ 9 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ) ആസ്ഥാനത്ത് നിന്ന് കെജ്രിവാള്‍ മടങ്ങി. ഒമ്പത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് കെജ്രിവാള്‍ സിബിഐ ഓഫീസ് വിട്ടത്. ദില്ലി മദ്യനയ അഴിമതികേസില്‍ ദില്ലി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉള്‍പ്പെടെയുള്ള കുറ്റാരോപിതരുടെ മൊഴികളില്‍ വ്യക്തത തേടിയാണ് കെജ്രിവാളിനെ സിബിഐ ചോദ്യം ചെയ്തത്. നേരത്തെ ഈ കേസുമായി സിബിഐ അറസ്റ്റ് ചെയ്ത മനീഷ് സിസോദിയക്ക് ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല.
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനുള്‍പ്പടെയുള്ള നേതാക്കള്‍ക്കും എംഎല്‍എമാര്‍ക്കുമൊപ്പം രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് കെജ്രിവാള്‍ സിബിഐ ആസ്ഥാനത്തേക്ക് പോയത്. സിബിഐ നൂറ് തവണ വിളിച്ചാലും ഹാജരാകുമെന്നും, രാഷ്ട്ര വിരുദ്ധ ശക്തികളാണ് തന്നെ വേട്ടയാടുന്നത് എന്നും കെജ്രിവാള്‍ പറഞ്ഞു. ചോദ്യം ചെയ്യലിനോട് പൂര്‍ണമായി സഹകരിക്കുമെന്നും താന്‍ അഴിമതിക്കാരനാണെങ്കില്‍ ഈ ലോകത്ത് സത്യസന്ധരായി ആരുമില്ലെന്നും കെജ്രിവാള്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.