മുംബൈ : ആഡംബര കപ്പലിലെ മയക്കുമരുന്ന് പാർട്ടി കേസിൽ ബോളിവുഡ് നടൻ ഷാരൂഖ് ഖാൻ്റെ മകനായ ആര്യൻ ഖാൻ്റെ കുരുക്ക് മുറുകുന്നു. ആര്യൻ ഖാൻ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്ന് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ കോടതിയെ അറിയിച്ചു. കഴിഞ്ഞ ഏതാനും വർഷങ്ങളായി ആര്യൻ ഖാൻ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നും അതിനൊക്കെ തെളിവുകൾ ഉണ്ടെന്നും എൻസിബി മുംബൈ സെഷൻസ് കോടതിയെ അറിയിച്ചു. ജാമ്യത്തിനായുള്ള ആര്യൻ ഖാൻ്റെ വാദം പരിഗണിക്കുന്നതിനിടെയാണ് എൻസിബിയുടെ ഇത്തരത്തിൽ വാദമുഖം ഉന്നയിച്ചത്.
“ആര്യൻ ഖാൻ വർഷങ്ങളായി മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ട്. ഒരു തവണയല്ല ഇത്. ആര്യൻ്റെ സുഹൃത്ത് അർബാസ് മെർച്ചൻ്റിൻ്റെ പക്കൽ നിന്ന് മയക്കുമരുന്ന് കണ്ടെടുത്തപ്പോൾ ആര്യൻ അയാൾക്കൊപ്പം ഉണ്ടായിരുന്നു.”- എൻസിബി കോടതിയെ അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ ആര്യന്റെ ഡ്രൈവറെയും നിർമാതാവ് ഇമ്തിയാസ് ഖാത്രിയെയും ചോദ്യം ചെയ്തതിൽ നിന്നും ആര്യാനെതിരെ നിർണായക വിവരങ്ങൾ ലഭിചെന്നാണ് എൻസിബി വൃത്തങ്ങൾ നൽകുന്ന സൂചന. തന്നെ തെറ്റായി ഉൾപ്പെടുത്തിയതെന്ന് ജാമ്യപേക്ഷയിൽ ആര്യൻ ഖാൻ ഉന്നയിക്കുന്ന വാദം. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസവും മുംബൈയിൽ മൂന്നിടങ്ങളിൽ എൻസിബി റെയ്ഡ് നടത്തിയിരുന്നു. കൂടുതൽ അറസ്റ്റുകൾ കേസിൽ ഉണ്ടാകുമെന്നാണ് എൻസിബി നൽകുന്ന സൂചന.
അതിനിടെ മഹാരാഷ്ട്ര പോലീസ് തനിക്കെതിരെ ചാരവൃത്തി നടത്തുന്നുവെന്ന, എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡേയുടെ പരാതി മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി നിഷേധിച്ചു. അത്തരത്തിലൊരു ഉത്തരവ് മഹാരാഷ്ട്ര പോലീസ് നൽകിയിട്ടില്ലെന്നാണ് ആഭ്യന്തരമന്ത്രി ദിലീപ് വത്സേ പട്ടീലിന്റെ പ്രതികരണം. മഹാരാഷ്ട്ര പോലീസിലെ രണ്ട് ഉദ്യോഗസ്ഥർ തന്നെ മുഴുവൻ സമയവും പിന്തുടർന്ന് നിരീക്ഷിക്കുന്നു എന്നാണ് സമീർ വാങ്കഡെ മഹാരാഷ്ട്ര പോലീസിനും കേന്ദ്രസർക്കാർ നൽകിയ പരാതിയിൽ ഉന്നയിക്കുന്നത്.
മുൻപ് മൂന്ന് തവണയും ആര്യൻ ഖാന് കോടതി ജാമ്യം നിഷേധിച്ചിരുന്നു. ഇത് നാലാം തവണയാണ് കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ മുംബൈ ജയിലിലാണ് ആര്യൻ ഖാൻ. മുംബൈയിൽ ആഡംബര കപ്പലിൽ ലഹരിപാർട്ടി നടക്കുന്നതിനിടെയാണ് ആര്യൻ ഖാൻ പിടിയിലാകുന്നത്. ആര്യനൊപ്പം ഒൻപത് പേരും പിടിയിലായിരുന്നു.