മണ്ണീറ : വനം വകുപ്പിന്റെ ഇക്കോടൂറിസം കേന്ദ്രങ്ങളിൽ സുരക്ഷാ സംവിധാനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി അടവിയിൽ അപകടം വരുത്തുന്ന മരങ്ങൾ മുറിച്ചുമാറ്റി. മാവ്, വട്ട എന്നീ മരങ്ങളാണ് മുറിച്ചത്. 12 മരങ്ങൾ അപകടാവസ്ഥയിൽ ആണെന്ന് കാണിച്ച് ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ വനംവകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. കോന്നി ആനത്താവളത്തിൽ വേലിക്കല്ല് വീണ് കുട്ടി മരിച്ചതിനെ തുടർന്നാണ് അസോസിയേഷൻ അപകടസാധ്യതയെക്കുറിച്ച് പരാതിപ്പെട്ടത്.
അടവിയിലെ പോരാഴ്മകൾ മനസിലാക്കാനായി ഇക്കോടൂറിസം ഡയറക്ടർ ജെ. ജസ്റ്റിൻ മോഹൻ സ്ഥലം സന്ദർശിച്ചിരുന്നു. അടിയന്തിരമായി മുറിച്ചുമാറ്റേണ്ട മരങ്ങളുടെ വിശാദാംശവും തേടി. ദിനംപ്രതി 400-നുമേൽ സന്ദർശകരാണ് അടവിയിൽ കുട്ടവഞ്ചി സവാരിക്കായി എത്തുന്നത്. മഴക്കാലമാകുന്നതോടെ ഉണങ്ങിയ മരങ്ങൾ നിലംപൊത്തുന്ന അവസ്ഥയായിരുന്നു. രണ്ട് മരം മുറിച്ചുമാറ്റിയതോടെ സുരക്ഷ ഉറപ്പായതായി അടവി കുട്ടവഞ്ചിയിലെ തുഴച്ചിലുകാർ പറഞ്ഞു.