കൊച്ചി : സര്‍ക്കാര്‍ റേഷൻ വിഹിതം വെട്ടികുറച്ചതോടെ കഷ്ടത്തിലായിരിക്കുകയാണ് അഗതിമന്ദിരങ്ങൾ. സര്‍ക്കാര്‍ സഹായമായി മണ്ണെണ്ണയും പഞ്ചസാരയും അരിയും ഗോതമ്പും കിട്ടിയിരുന്നിടത്ത് നിന്ന് വെട്ടികുറച്ച് അവസാനം കിട്ടിയിരുന്നത് 1200 കിലോ അരിയും 800 കിലോ ഗോതമ്പുമാണ്. എന്നാല്‍ രണ്ടുമാസമായി അതുമില്ല. റേഷന്‍ വിഹിതം വെട്ടിക്കുറയ്ക്കുന്നതോടെ പട്ടിണിയിലാവുന്നത് ഒന്നെഴുന്നേറ്റ് നില്‍ക്കാന്‍ പോലും കഴിയാത്ത വയോധികരാണ്. അഗതിമന്ദിരങ്ങളിലേക്കുള്ള ക്ഷേമപെന്‍ഷനുകളും ഭക്ഷ്യധാന്യങ്ങളും വെട്ടിക്കുറച്ചോതോടെ പലരും സഹായമായി എത്തിച്ച് നല്‍കുന്ന അരിച്ചാക്കുകളിലാണ് പ്രതീക്ഷ.
അതേസമയം കോൺവെന്റുകളിലും ആശ്രമങ്ങളിലും താമസിക്കുന്ന സന്യസ്തർക്കുള്ള റേഷൻ വിഹിതവും സർക്കാർ വെട്ടിക്കുറച്ചു. ഇവർക്ക് പ്രതിമാസം രണ്ടു കിലോ അരിക്കൊപ്പം നൽകിയിരുന്ന ആട്ട ഇനി കിട്ടില്ല. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് താലൂക്ക് സപ്ലൈ ഓഫീസുകളിലെത്തി. സംസ്ഥാനത്തെ അഭയ, ബാലഭവനുകൾക്ക് അനുവദിച്ചിരുന്ന റേഷൻ വിഹിതം വെട്ടിക്കുറച്ചതിലെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സന്യസ്തർക്കുള്ള റേഷനും സർക്കാർ വെട്ടിക്കുറച്ചത്. നോൺ പ്രയോരിറ്റി ഇൻസ്റ്റിറ്റ്യൂഷൻ (എൻപിഐ) വിഭാഗത്തിലാണ് സന്യസ്തരെയും വൈദികരെയും പൊതുവിതരണ വകുപ്പ് ഉൾപ്പെടുത്തിയിട്ടുള്ളത്. പ്രതിമാസം 10,90 രൂ പ നിരക്കിൽ രണ്ടു കിലോ അരിയും 17 രൂപയ്ക്ക് ഒരു കിലോ ആട്ടയുമാണ് ലഭിച്ചിരുന്നത്. ഇതിലെ ആട്ട ഇനി വിതരണം ചെയ്യേണ്ടതില്ലെന്ന നിർദേശമാണ് സപ്ലൈ ഓഫീസുകൾക്ക് നൽകിയിട്ടുള്ളത്. പഞ്ചസാര, മണ്ണെണ്ണ, ഉത്സവസീസണുകളിലെ ഭക്ഷ്യക്കിറ്റുക ൾ എന്നിവയൊന്നും ഇവർക്ക് ഇന്നേവരെ കൊടുത്തിട്ടില്ല. എൻപിഐ കാർഡിന് ആകെ കിട്ടുന്ന അരിയും വൈകാതെ നിലച്ചേക്കുമെന്നു സൂചനയുണ്ട്.