പത്തനംതിട്ട : നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരട്ടവോട്ട് തടയുന്നതിനായി എ.എസ്.ഡി മോനിട്ടര്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കും. പോളിംഗ് ഉദ്യോഗസ്ഥര്‍ക്കായാണ് ആപ്ലിക്കേഷന്‍ തയാറാക്കിയിരിക്കുന്നത്. ആബ്സെന്റീസ്, ഷിഫ്റ്റ്, ഡെത്ത് (എ.എസ്.ടി) വിഭാഗത്തിലുള്ള ആളുകളുടെ വോട്ടര്‍പട്ടിക എല്ലാ നിയോജകമണ്ഡലങ്ങളിലെയും ബൂത്തടിസ്ഥാനത്തില്‍ ബി.എല്‍.ഒമാര്‍ വഴി തയാറാക്കിയിരുന്നു.
റിട്ടേണിംഗ് ഓഫീസര്‍മാര്‍ ഇരട്ടവോട്ടുളള ആളുകളുടെ ലിസ്റ്റ് അതത് പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്ക് കൈമാറുകയും പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ ലിസ്റ്റില്‍ പേരുള്ള വോട്ടര്‍മാര്‍ വോട്ട് ചെയ്യാനെത്തിയാല്‍ അയാളുടെ വോട്ടര്‍ പട്ടികയുടെ സീരിയല്‍ നമ്പര്‍, വോട്ടറുടെ ഫോട്ടോ എന്നിവ എടുത്ത് എ.എസ്.ഡി മോനിട്ടര്‍ ആപ്പില്‍ അപ്‌ലോഡ് ചെയ്യുകയും ചെയ്യും. ഇത് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍, റിട്ടേണിംഗ് ഓഫീസര്‍ എന്നിവര്‍ കണ്‍ട്രോള്‍ റൂമില്‍ മോണിറ്റര്‍ ചെയ്യും. കേരള ഹൈക്കോടതിയുടെ ഇരട്ടവോട്ട് തടയുന്നത് സംബന്ധിച്ച നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററിന്റെ നേതൃത്വത്തിലാണ് എ.എസ്.ഡി മോനിട്ടര്‍ ആപ്പ് വികസിപ്പിച്ചിരിക്കുന്നത്.