പത്തനംതിട്ട : ആറന്മുള മണ്ഡലത്തിലെ പഞ്ചായത്തുകളിലേയും പത്തനംതിട്ട മുനിസിപ്പാലിറ്റിയിലേയും ആശാവര്‍ക്കര്‍മാര്‍ക്ക് ആരോഗ്യ പരിശോധന നടത്തുന്നു. വീണാ ജോര്‍ജ് എം.എല്‍.എ യുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് ആശാവര്‍ക്കര്‍മാര്‍ക്ക് ആരോഗ്യ പരിശോധന നടത്തുന്നത്.
ഷുഗര്‍, പ്രഷര്‍, കൊളസ്‌ട്രോള്‍ ഉള്‍പ്പടെയുള്ള എല്ലാ പരിശോധനയും നടത്തും. തുടര്‍ പരിശോധനകള്‍ ആവശ്യമെങ്കില്‍ അതിനുള്ള സൗകര്യവും ക്രമീകരിക്കും. അടിസ്ഥാന മേഖലയില്‍ സേവനം നടത്തുന്നവരാണ് ആശാവര്‍ക്കര്‍മാര്‍. അതുകൊണ്ട് അവരുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കണം എന്ന ലക്ഷ്യത്തോടെയാണ് ഇത് ആവിഷ്‌കരിച്ചത്. എല്ലാ പഞ്ചായത്തുകളിലെയും പി.എച്ച്.സികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയാണ് ഇതു നടപ്പിലാക്കുന്നത്. ചെന്നീര്‍ക്കരയും ഇലന്തൂരും പൂര്‍ത്തിയായി. ബാക്കിയുള്ള പഞ്ചായത്തുകളില്‍ തീയതി നിശ്ചയിച്ചിട്ടുണ്ടെന്ന് എം.എല്‍.എ പറഞ്ഞു.
കോഴഞ്ചേരി 29, ഇരവിപേരൂര്‍ 30, തോട്ടപ്പുഴശേരി 30, കോയിപ്രം മേയ് 2, മല്ലപ്പുഴശേരി മേയ് 2, ഓമല്ലൂര്‍ മേയ് 2, നാരങ്ങാനം മേയ് 4 എന്നീ തീയതികളിലാണ് മെഡിക്കല്‍ പരിശോധന നടത്തുക.