കൊളംബോ: ഏഷ്യായുദ്ധത്തില്‍ വിജയകാഹളം മുഴക്കി ഇന്ത്യ. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരില്‍ ശ്രീലങ്ക മുന്നോട്ടുവെച്ച 51 റണ്‍സെന്ന ചെറിയ വിജയലക്ഷ്യം അനായാസം മറികടന്നാണ് ഇന്ത്യ ഏഷ്യാ കപ്പ് ഉയര്‍ത്തിയത്. 6.1 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെയാണ് ഇന്ത്യ 51 റണ്‍സ് നേടിയത്. ഓപ്പണര്‍മാരായി ഇറങ്ങിയ ഇഷാന്‍ കിഷനും(23*) ശുഭ്മാന്‍ ഗില്ലും(27*) ഇന്ത്യയ്ക്ക് ഈസി വിന്‍ സമ്മാനിച്ചു.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 15.2 ഓവറില്‍ 50 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. മുഹമ്മദ് സിറാജാണ് ശ്രീലങ്കയെ വരിഞ്ഞുമുറുക്കിയത്. 21 റണ്‍സ് വഴങ്ങി ആറു വിക്കറ്റാണ് താരം നേടിയത്. ഇന്നിങ്സിന്റെ മൂന്നാം പന്തില്‍ കുശാല്‍ പെരേരയെ പുറത്താക്കി ജസ്പ്രീത് ബുംറ തുടക്കമിട്ട വിക്കറ്റ് വേട്ട നാലാം ഓവര്‍ മുതല്‍ സിറാജ് ഏറ്റെടുക്കുകയായിരുന്നു.