അസം: സംസ്ഥാനത്തെ വിദേശ ട്രൈബ്യൂണലുകൾ വിദേശികളായി പ്രഖ്യാപിച്ച ആളുകളെ ബംഗ്ലാദേശിലേക്ക് നാടുകടത്തിയിട്ടുണ്ടെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ വെള്ളിയാഴ്ച സ്ഥിരീകരിച്ചു. മെയ് 23 മുതൽ സംസ്ഥാനത്തുടനീളം വിദേശ ട്രൈബ്യൂണലുകൾ ‘വിദേശികളായി പ്രഖ്യാപിച്ച’ ആളുകളെ തടങ്കലിൽ വച്ചതിന്റെയും പലരെയും ബംഗ്ളദേശിലേക്ക് നാടുകടത്തിയതായുള്ള റിപ്പോർട്ടുകളുടെയും പശ്ചാത്തലത്തിലാണ് ശർമ്മയുടെ പ്രസ്താവന. തടങ്കലിൽ പാർപ്പിച്ചവരെ കുറിച്ച് വിവരങ്ങളില്ലെന്നും അവർ എവിടെയാണെന്ന് അറിയില്ലെന്നും കുടുംബങ്ങൾ ആരോപിക്കുന്നു.
ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലൂടെ ബംഗ്ലാദേശിലേക്ക് നാടുകടത്തിയ ആളുകളെക്കുറിച്ചുള്ള ബംഗ്ലാദേശ് മാധ്യമങ്ങളുടെ റിപ്പോർട്ടുകളിലും വീഡിയോകളിലും നിരവധി കുടുംബങ്ങൾ അവരുടെ ബന്ധുക്കളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ‘പുഷ് ബാക്ക്’ എന്നത് ആളുകളെ അതിർത്തിക്കപ്പുറത്തേക്ക് നാടുകടത്തുന്ന ഒരു അനൗപചാരിക പ്രക്രിയയെയാണ് സൂചിപ്പിക്കുന്നത്. നാടുകടത്തൽ എന്ന ഔപചാരിക പ്രക്രിയയ്ക്ക് വിരുദ്ധമായി ഒരു വ്യക്തി മറ്റൊരു രാജ്യത്തിന്റെ പൗരനാണെന്ന് പരസ്പര പരിശോധനയ്ക്ക് ശേഷം മറ്റേ രാജ്യത്തിന്റെ അധികാരികൾക്ക് കൈമാറുന്നതാണ് ഇതിന്റെ ലക്ഷ്യം.