ഗുവാഹട്ടി : അസ്സമില്‍ ആദ്യത്തെ കൊവിഡ് രോഗ ബാധ സ്ഥിരീകരിച്ചു. നാല് വയസ്സുള്ള കുട്ടിയുടെ കൊവിഡ് 19 പരിശോധനാഫലം പോസിറ്റീവായതോടെ കുട്ടിയെയും കുടുംബാംഗങ്ങളെയും ക്വാറന്റൈനിലാക്കി. ജോര്‍ഹത്തിലെ മെഡിക്കല്‍ കോളേജിലാണ് കുട്ടിയെ പ്രവേശിപ്പിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 300 ആയി. ഇതില്‍ 63 കേസുകള്‍ വെള്ളിയാഴ്ചയും 40 കേസുകള്‍ ശനിയാഴ്ചയുമാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്.
കൊവിഡ് 19 രോഗവ്യാപനത്തിന്റെ മൂന്നാമത്തെ ഘട്ടത്തിലേക്ക് ഇന്ത്യ എത്തിയതിന്റെ സൂചനകളാണ് ഈ കേസുകള്‍ കാണിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ കുട്ടിയുടെ സാംപിളുകള്‍ വീണ്ടും പരിശോധനയ്ക്കയച്ചിട്ടുണ്ട്. ഇന്നുച്ചയോടെ പരിശോധനാ ഫലം ലഭിക്കും. കുടുംബത്തിന്റെ സഞ്ചാരപഥം തിട്ടപ്പെടുത്തികൊണ്ടിരിക്കുകയാണ്.
മാര്‍ച്ച് 19 നാണ് കുഞ്ഞും അമ്മയും ബീഹാറില്‍ നിന്ന് ജോര്‍ഹട്ടിലെത്തിയത്. കുട്ടി രോഗ ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ കുട്ടിയെ വീട്ടില്‍ നിന്ന് കൊണ്ടു വന്ന് ക്വാറന്റൈനിലാക്കുകയായിരുന്നു.
വടക്കു കിഴക്കന്‍ ഇന്ത്യയിലെയും ആദ്യത്തെ കൊറോണ വൈറസ് കേസാണിത്. രണ്ട് അമേരിക്കന്‍ ടൂറിസ്റ്റുകള്‍ അടുത്തിടെ അസ്സം വഴി ഭൂട്ടാനിലേക്ക് പോയിരുന്നു. ഇന്ത്യയിലെത്തിയ ശേഷമാണ് ഈ അമേരിക്കക്കാര്‍ രോഗ ലക്ഷണങ്ങള്‍ കാട്ടിയത്. ഇതിലൊരാള്‍ക്ക് പിന്നീട് രോഗം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.