തിരുവനന്തപുരം : നിയമസഭാതെരഞ്ഞെടുപ്പിൽ ബി.ജെ.പി. സ്ഥാനാർഥികളുടെ സാധ്യതാപട്ടിക ഇന്ന് അന്തിമമാകും. ഘടകക്ഷികളുടെ സീറ്റിന്റെ കാര്യത്തിലും ധാരണയാകും. ഞായറാഴ്ച തിരുവനന്തപുരത്ത് എത്തുന്ന കേന്ദ്രമന്ത്രി അമിത്ഷായുടെ സാന്നിധ്യത്തിലും ചർച്ചയുണ്ട്. എൻ.ഡി.എ.യുടെ പ്രചാരണമുദ്രാവാക്യം അമിത്ഷാ പ്രഖ്യാപിക്കാനാണ് സാധ്യത. 10-നകം സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാണ് നീക്കം.
നേമത്തെ സിറ്റിങ് എം.എൽ.എ. ഒ. രാജഗോപാൽ മത്സരിക്കില്ലെന്നാണ് ബി.ജെ.പി. വൃത്തങ്ങൾ പറയുന്നത്. കേന്ദ്രമന്ത്രി വി. മുരളീധരൻ, സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, നടൻ സുരേഷ് ഗോപി എന്നിവരുടെ കാര്യത്തിൽ കേന്ദ്രഘടകമാണ് തീരുമാനമെടുക്കുക. സുരേഷ് ഗോപി തിരുവനന്തപുരത്തോ തൃശ്ശൂരോ മത്സരിക്കണമെന്ന ആവശ്യമുയർന്നിട്ടുണ്ട്.
കഴിഞ്ഞതവണ ബി.ജെ.പി. മത്സരിച്ചത് 99 സീറ്റിലാണെങ്കിലും ഇത്തവണ അതിൽക്കൂടുതൽ മണ്ഡലങ്ങളിൽ ജനവിധിതേടും. പി.സി. ജോർജുമായി ആശയവിനിമയം നടന്നിട്ടുണ്ടെങ്കിലും അന്തിമതീരുമാനമായില്ലെന്ന് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു.