തിരുവനന്തപുരം : ഇടതുമുന്നണിയില്‍ സീറ്റുവിഭജനം സംബന്ധിച്ച് ഏകദേശ ധാരണയായി. ഇരിക്കൂറും കാഞ്ഞിരപ്പള്ളിയും മാത്രം സി.പി.ഐ വിട്ടുനല്‍കിയുള്ള ഒത്തുതീര്‍പ്പാണ് ഉണ്ടായിട്ടുള്ളത്. എന്നാല്‍ ഇത് പൂര്‍ണമായി സി.പി.ഐ. അംഗീകരിച്ചിട്ടില്ല. കോട്ടയം ജില്ലയില്‍ കാഞ്ഞിരപ്പള്ളിക്കു പകരം ഒരുസീറ്റ് വേണമെന്നും മലപ്പുറം ജില്ലയിലെ സീറ്റുകള്‍ വിട്ടുനല്‍കാമെന്നുമുള്ള നിലപാടാണ് സി.പി.ഐ.ക്കുള്ളത്. അതിനാലാണ് ചങ്ങനാശ്ശേരി ആവശ്യപ്പെടുന്നത്. പക്ഷേ ഇനി അത്തരം വെച്ചുമാറലുകള്‍ക്കുള്ള സാധ്യത കുറവാണെന്ന് സി.പി.എം. നേതാക്കള്‍ വിശദീകരിക്കുന്നു. കേരള കോണ്‍ഗ്രസി (എം)ന് 13 സീറ്റുനല്‍കാന്‍ ധാരണയായി. ജോസ് കെ. മാണി ആവശ്യപ്പെട്ട അത്രയും സീറ്റ് അവര്‍ക്കുനല്‍കി.
നാലുസീറ്റ് അനുവദിക്കണമെന്ന എല്‍.ജെ.ഡി.യുടെ ആവശ്യം പരിഗണിച്ചില്ല. ഏഴുസീറ്റ് സി.പി.എമ്മും രണ്ടുസീറ്റ് സി.പി.ഐ.യും മൂന്നുസീറ്റ് ജനാധിപത്യ കേരള കോണ്‍ഗ്രസും എന്‍.സി.പി., ജെ.ഡി.എസ്., കേരള കോണ്‍ഗ്രസ് സ്‌കറിയ തോമസ് വിഭാഗം എന്നിവര്‍ ഓരോ സീറ്റുവീതവും നഷ്ടപ്പെടുത്തിയാണ് പുതിയ കക്ഷികള്‍ക്ക് സീറ്റ് നല്‍കിയത്. സ്‌കറിയ തോമസ് വിഭാഗത്തിന് സീറ്റില്ലാതായി. നാലുസീറ്റില്‍ മത്സരിച്ച ജനാധിപത്യ കേരള കോണ്‍ഗ്രസ് ഒന്നിലേക്ക് ഒതുങ്ങി. ഇപ്പോഴത്തെ ധാരണയനുസരിച്ച് മലപ്പുറത്തെ മൂന്നുസീറ്റിലും സി.പി.ഐ.തന്നെ മത്സരിക്കും.
ഏറനാട്-മലപ്പുറം സീറ്റുകള്‍ വെച്ചുമാറണമെന്ന സി.പി.എം. ആവശ്യം ഇനിയുണ്ടാകില്ല. ഏറനാട് സി.പി.ഐ. വിട്ടുനല്‍കിയാല്‍ അവിടെ ഫുട്ബോള്‍താരം ഷറഫലിയെ മത്സരിപ്പിക്കാനായിരുന്നു സി.പി.എം. തീരുമാനം.