തൃശ്ശൂര്‍ : ജില്ലയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളില്‍ തലമുറമാറ്റമുണ്ടാകുമെന്ന് വ്യക്തമായ സൂചന. വടക്കാഞ്ചേരിയില്‍ അനില്‍ അക്കരയും തൃശ്ശൂരില്‍ പരിഗണിക്കുന്ന പദ്മജാ വേണുഗോപാലും ഒഴികെ ബാക്കിയെല്ലാവരും പുതുമുഖങ്ങളായിരിക്കുമെന്നാണ് സൂചന. പട്ടികയില്‍ മൂന്ന് വനിതകളുണ്ടാകുമെന്നാണ് വിവരം. എല്ലാ വിഭാഗത്തിനും അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കിയ പട്ടികയാകും കോണ്‍ഗ്രസ് മുന്നോട്ടുവെയ്ക്കുകയെന്നാണ് പാര്‍ട്ടിനേതൃത്വത്തിന്റെ അവകാശവാദം. കുന്നംകുളം സീറ്റ് സി.എം.പി.യില്‍ നിന്ന് കിട്ടിയ മട്ടിലാണ്. എന്നാല്‍ കയ്പമംഗലത്തിന്റെ കാര്യത്തില്‍ നിശ്ചയമായിട്ടില്ല. ഈ സീറ്റ് കിട്ടിയാല്‍ ശോഭാ സുബിനെയാണ് പരിഗണിക്കുക.
പദ്മജയെക്കൂടാതെ അന്തിമപട്ടികയിലുള്‍പ്പെട്ടിരിക്കുന്ന വനിതകള്‍ ഡോ. നിജി ജസ്റ്റിന്‍ (പുതുക്കാട്), സുബി ബാബു (മണലൂര്‍) എന്നിവരാണ്. സംവരണ സീറ്റുകളായ ചേലക്കരയില്‍ സി.സി. ശ്രീകുമാറും നാട്ടികയില്‍ സുനില്‍ ലാലൂരുമാണ് പരിഗണനയില്‍. ജോസ് വള്ളൂര്‍ (ഒല്ലൂര്‍), കെ. ജയശങ്കര്‍ (കുന്നംകുളം), ടി.ജെ. സനീഷ് കുമാര്‍ (ചാലക്കുടി) എന്നിവരാണ് അന്തിമപട്ടികയിലിടം നേടിയിരിക്കുന്ന മറ്റുള്ളവര്‍. കൊടുങ്ങല്ലൂരില്‍ സി.എസ്. ശ്രീനിവാസിനാണ് ആദ്യപരിഗണന. ഇത്രയധികം പുതുമയുള്ളതും പ്രാതിനിധ്യസ്വഭാവമുള്ളതുമായ പട്ടിക ഏറെക്കാലത്തിനുശേഷമാണെന്ന അവകാശവാദമാണ് ജില്ലാ നേതാക്കള്‍ പങ്കുവെയ്ക്കുന്നത്.