തിരുവനന്തപുരം : നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബാനറുമായി പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ഡോളര്‍ കടത്തുകേസില്‍ മുഖ്യമന്ത്രിയ്ക്ക് പങ്കുണ്ടെന്ന പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കസ്റ്റംസ് നല്‍കിയ നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് രണ്ടാം ദിവസവും പ്രതിഷേധം തുടരുന്നത്. ചോദ്യോത്തരവേളയില്‍ തന്നെ പ്രതിപക്ഷം പ്രതിഷേധിച്ചു. ചര്‍ച്ചയ്ക്ക് അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇന്നത്തെ സഭാ നടപടികള്‍ പ്രതിപക്ഷം ബഹിഷ്‌കരിച്ചു.
രാവിലെ മുതല്‍ സഭാ നടപടികളോട് സഹകരിക്കാതെയായിരുന്നു പ്രതിപക്ഷം. മുഖ്യമന്ത്രിക്കെതിരായ ആരോപണം ചര്‍ച്ച ചെയ്യാത്തത് അനൗചിത്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. ഇത് പ്രതിഷേധാര്‍ഹമാണെന്നും പറഞ്ഞു. തുടര്‍ന്ന് ബാനര്‍ ഉയര്‍ത്തി ബഹളം വെച്ചു. സഭയില്‍ ബാനര്‍ ഉപയോഗിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് സ്പീക്കര്‍ എം.ബി രാജേഷ് പറഞ്ഞു. ഭരണപക്ഷവും പ്രതിപക്ഷത്തിനെതിരെ രംഗത്തെത്തി. പട്ടികജാതി വിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ പ്രതിപക്ഷം ശ്രദ്ധതിരിക്കുന്നുവെന്ന് ഭരണപക്ഷം ആരോപിച്ചു.
പ്രതിപക്ഷ ബഹളം തുടരുമ്പോഴേല്ലാം മുഖ്യമന്ത്രി സഭയില്‍ നിശബ്ദനായി ഇരിക്കുകയായിരുന്നു. പ്രതിപക്ഷം നേരത്തെ തന്നെ ബഹിഷ്‌രണം നിശ്ചയിച്ചതാണെന്നും ഇന്നത്തേക്ക് ഒരു സബ്മിഷന്‍ പോലും നല്‍കിയിട്ടില്ലെന്നും ധനമന്ത്രി കെ.എം ബാലഗോപാല്‍ പറഞ്ഞു. പ്രതിപക്ഷം നടത്തുന്നത് സമാരാഭാസമാണെന്ന് പിഎസ് സുപാല്‍ വിമര്‍ശിച്ചു. പ്രതിപക്ഷ നേതാവിന് ഡല്‍ഹിക്ക് പോകാനാണ് ബഹിഷ്‌കരണമെന്ന് ഇ.കെ വിജയന്‍ പരിഹസിച്ചു. ഇന്നലെ വിഷയത്തില്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസ് പോലും പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ച് സഭാ നടപടികള്‍ ബഹിഷ്‌കരിച്ച് അസഭാ കവാടത്തില്‍ സമാന്തര സഭ ചേര്‍ന്ന അടിയന്തര പ്രമേയം അവതരിപ്പിച്ചിരുന്നു.