ന്യൂഡല്‍ഹി : പാര്‍ട്ടിയുടെ ഉടമസ്ഥതയിലുള്ള ഭൂമി, കെട്ടിടം എന്നിവയുടെ കണക്കെടുക്കാന്‍ കോണ്‍ഗ്രസ് നടപടിയാരംഭിച്ചു. കണക്കെടുക്കുന്നതിനു മുതിര്‍ന്ന നേതാവിനെ ഓരോ സംസ്ഥാനത്തും നിയോഗിക്കാന്‍ ദേശീയ നേതൃത്വം പിസിസികള്‍ക്കു നിര്‍ദ്ദേശം നല്‍കി. പാര്‍ട്ടി ദേശീയ ട്രഷറര്‍ പവന്‍കുമാര്‍ ബന്‍സലിനാണു മേല്‍നോട്ടം. ഭൂമിയില്‍ ചിലതിനു രേഖകളില്ലാത്ത പശ്ചാത്തലത്തിലാണ് കണക്കെടുപ്പ്.
പതിറ്റാണ്ടുകളായി പാര്‍ട്ടിയുടെ കൈവശമുള്ള ഭൂമി സംബന്ധിച്ചു വ്യക്തമായ കണക്ക് സംസ്ഥാന ഘടകങ്ങളില്‍ പലതിനുമില്ല. ഈ ഭൂമിയുടെ പേരില്‍ നികുതി വെട്ടിപ്പ് ഉള്‍പ്പെടെയുള്ള പരാതികള്‍ ഭാവിയിലുയരാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് രേഖകള്‍ പിഴവുറ്റതാക്കാനുള്ള നീക്കം. പാര്‍ട്ടിയുടെ ഉടമസ്ഥതയിലുള്ള ഭൂമി പണയം വയ്ക്കുന്നതും വില്‍ക്കുന്നതും നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.