തൃശൂര്‍ : വിയ്യൂര്‍ സബ് ജയിലിലെ അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പട്ടാമ്പി സ്വദേശിയായ ഉദ്യോഗസ്ഥന്‍ പാലക്കാട്ട് ചികിത്സയിലാണ്. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച റിമാന്‍ഡ് പ്രതിയുമായുണ്ടായ സമ്പര്‍ക്കമാണ് രോഗകാരണം. കേരളത്തിലെ ജയിലുകളില്‍ ജീവനക്കാരനു കോവിഡ് സ്ഥിരീകരിക്കുന്നത് ആദ്യമായതിനാല്‍ അതീവ ജാഗ്രത പുലര്‍ത്താനാണ് നിര്‍ദേശം.
കോവിഡ് സംശയിക്കുന്ന റിമാന്‍ഡ് തടവുകാരെ പാര്‍പ്പിക്കാന്‍ അരണാട്ടുകരയില്‍ പ്രവര്‍ത്തിക്കുന്ന നിരീക്ഷണ കേന്ദ്രത്തില്‍ (ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍) അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍ ജോലി ചെയ്തിരുന്നു. ഇവിടെ പാര്‍പ്പിച്ചിരുന്ന ഒരു റിമാന്‍ഡ് തടവുകാരന് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ ക്വാറന്റീനിലായിരുന്നു. അതുകൊണ്ടു തന്നെ ജയിലിലെ മറ്റു ജീവനക്കാരിലേക്കോ തടവുകാരിലേക്കോ രോഗവ്യാപനത്തിന് സാധ്യത ഇല്ലെന്നാണ് പ്രാഥമിക നിഗമനം.