ന്യൂഡൽഹി : അടൽ പെൻഷൻ യോജനയിലെ വരിക്കാരുടെ എണ്ണത്തിൽ 33 ശതമാനം വർധന. 2020-21 സാമ്പത്തികവർഷത്തിന്റെ അവസാനത്തെ കണക്കുപ്രകാരം എൻപിഎസിലെ മൊത്തം വരിക്കാരായ 4.2 കോടി പേരിൽ 2.8 പേരും എപിവൈയിലെ നിക്ഷേപകരാണ്. നാഷണൽ പെൻഷൻ സിസ്റ്റത്തിലെ വിവിധ പദ്ധതികളിലെ 66 ശതമാനംപേരും ഇതോടെ എപിവൈയുടെ വരിക്കാരായി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ എൻപിഎസിൽ അംഗങ്ങളായ സ്ത്രീകളുടെ എണ്ണം 24 ശതമാനവും, പുരുഷന്മാരുടെ എണ്ണം 22 ശതമാനവും കൂടി.
18 വയസ്സ് മുതൽ 40 വയസ്സ് വരെയുള്ളവർക്കുവേണ്ടിയാണ് 2015 മെയ് മാസത്തിൽ എപിവൈ സർക്കാർ അവതരിപ്പിച്ചത്. പദ്ധതി പ്രകാരം 60 വയസ്സ് കഴിയുമ്പോൾ 1000 മുതൽ 5000 രൂപ വരെ പ്രതിമാസതുക പെൻഷനായി ലഭിക്കും. അംഗം മരിക്കുകയാണെങ്കിൽ പെൻഷൻ തുക ഭാര്യക്കോ ഭർത്താവിനോ ലഭിക്കും.