പത്തനംതിട്ട: ഓതറ പുതുക്കുളങ്ങര ദേവി ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠ വാര്‍ഷിക മഹോത്സവത്തോടനുബന്ധിച്ചു ചടങ്ങുകൾ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ സമാപിച്ചു. ക്ഷേത്രത്തിലെ പ്രത്യേക പൂജകളും ചടങ്ങുകളും ക്ഷേത്രം തന്ത്രി തന്ത്രിമുഖ്യന്‍ ബ്രഹ്മശ്രീ താഴമണ്‍മഠം കണ്ടരരു രാജീവരരുടെ മുഖ്യകാർമികത്വം വഹിച്ചു. പുലർച്ചെ വെള്ളികുംഭത്തിൽ കളഭം നിറച്ച് കലശപൂജയോടെ ആരംഭിച്ച ലക്ഷാർച്ചന ചടങ്ങുകൾ വൈകിട്ട് കളഭാഭിഷേകത്തോടെ സമാപനമായി. പുവുന:പ്രതിഷ്ഠാ വാർഷികത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ ഉച്ചപൂജയോടനുബന്ധിച്ച് പ്രത്യേക നവകവും കലശാഭിഷേകവും നടന്നു.
ഉച്ചയ്ക്ക് ക്ഷേത്ര സന്നിധിയിൽ വിവിധ പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ചവർക്ക് പ്രശസ്ത ആചാര്യനും സംസ്കൃത പണ്ഡിതനും ബസേലിയസ് കോളേജിലെ മുൻ അദ്ധ്യാപൻ പാതിരുവേലിൽ ഇല്ലത്ത് ഡോ. വിശ്വനാഥൻ നമ്പൂതിരി ഉപഹാരങ്ങൾ നൽകി ആദരിച്ചു. ഉച്ചയ്ക്ക് അന്നദാനം വൈകിട്ട് ലക്ഷാർച്ചന സമാപനവും തുടർന്ന് കളഭാഭിഷേകവും ദീപാരാധനയും അത്താഴപൂജയും നടന്നു. വൈകുന്നേരം സുപ്രസിദ്ധ സോപാന സംഗീത കലാകാരൻ അമ്പലപ്പുഴ വിജയകുമാർ അവതരിപ്പിക്കുന്ന സോപാന സംഗീതാർച്ചനയും അരങ്ങേറി.