പത്തനംതിട്ട : റാന്നി അത്തിക്കയത്തിന് സമീപം നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയുടെ പണികള്‍ തൊഴിലാളി യുണിയനുകള്‍ കൊടി കുത്തി തടഞ്ഞ സംഭവം പരിഹരിച്ചു. രണ്ടാം നിലയുടെ മേൽത്തട്ട് റെഡിമിക്സ് കോൺക്രീറ്റ് ഉപയോഗിക്കരുതെന്നും പകരം തദ്ദേശീയരായ യൂണിയൻ തൊഴിലാളികളെ ഉപയോഗിച്ച് പരമ്പരാഗത രീതിയിൽ സൈറ്റ് മിക്സ് ചെയ്യണമെന്നും തൊഴിലാളി യൂണിയനുകള്‍ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് തൊഴിലാളി യൂണിയനില്‍പ്പെട്ട വിദഗ്ദരായ ഏഴു പേരെ പണിക്ക് കൂട്ടാമെന്ന് ധാരണയായി.
അസോസിയേഷൻ ഓഫ് പ്രൈവറ്റ് കോൺട്രാക്ടെഴ്സ് ആന്റ് ഡെവലപ്പേഴ്സ് സംസ്ഥാന, ജില്ലാ നേതൃത്വം കൊടി നാട്ടിയ തൊഴിലാളി സംഘടനകളുടെ നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് പ്രശ്നം രമ്യമായി പരിഹരിക്കപ്പെട്ടത്. പ്രാദേശിക തൊഴിലാളികളെ ഉൾക്കൊള്ളുക എന്നത് സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒന്നാണെന്നും തദ്ദേശിയരായ വിദഗ്ധ തൊഴിലാളികളെ പരിശീലിപ്പിച്ച് ഒരു പുതിയ തൊഴിൽ സംസ്കാരം സൃഷ്ടിക്കാൻ തങ്ങൾ ഒരുക്കമാണെന്നും എ.പി.സി.എ.ഡി ഭാരവാഹികള്‍ വ്യക്തമാക്കി.
സംസ്ഥാന പ്രസിഡന്റ് അജി ദാമോദരൻ, സംസ്ഥാന സെക്രട്ടറി മഞ്ജു മാത്തൂർ, സംസ്ഥാന കോ ഓർഡിനേറ്റർ അനീഷ് കുമാർ യശോധരൻ, ജില്ലാ പ്രസിഡന്റ് മനോജ് കുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.