കൊച്ചി : വിവിധ സ്കീമുകളുടെ മറവിൽ കോടികൾ തട്ടിയ കേസിൽ ആതിര ഗോൾഡ് ആൻഡ് സിൽക്സിന് സ്വർണ്ണ, പണ നിക്ഷേപങ്ങൾ സ്വീകരിക്കാനുള്ള ലൈസൻസ് ഇല്ലെന്ന വിവരത്തെത്തുടർന്നു റിസർവ്
ബാങ്കിനെ സമീപിച്ച് പോലീസ്. ഇത്തരം നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിന് ആർ.ബി.ഐ.യു ടെയും സർക്കാരിന്റെയും ലൈസൻസ് നിർബന്ധമാണ്. കഴിഞ്ഞ ദിവസമാണ് പോലീസ് ആർ.ബി.ഐ.ക്ക് അപേക്ഷ നൽകിയത്. അതിനിടെ എം. ഡി. ആർ.ജെ.ആന്റണി, സഹോദരങ്ങളായ ജോസ്, ജോബി, ജോൺസൺ എന്നിവർ അറസ്‌റ്റിലായതിനു പിന്നാലെ പരാതികളുടെ പ്രളയമാണ്. നിക്ഷേപകരിൽനിന്നു സ്വരൂപിച്ച പണവും സ്വർണവും എവിടേയ്ക്ക മാറ്റിയെന്നു കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
സ്ഥാപനങ്ങൾ പൂട്ടിയതോടെയാണ് സ്ഥാപനം പൊളിഞ്ഞന്നു നിക്ഷേപകർ അറിഞ്ഞത്. ആശങ്കയുമായെത്തിയ നിക്ഷേപകരെയും കബളിപ്പിച്ച് പണം കൈക്കലാക്കിയതായും ആരോപണമുണ്ട്. മുനമ്പം, പള്ളിപ്പുറം ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ നിക്ഷേപകരെല്ലാം വൈപ്പിൻ, പറവൂർ, കൊടുങ്ങല്ലൂർ, ചെറായി പ്രദേശത്തു നിന്നുള്ളവരാണ്. സ്വകാര്യ ബാങ്കിൽനിന്നു വൻ തുക കമ്പനി വായ്‌പ എടുത്തിരുന്നു. തിരിച്ചടവു മുടങ്ങിയതിനെ തുടർന്ന് ബാങ്ക് ഈ മാസം എറണാകുളത്തെ ഇവരുടെ സ്‌ഥാപനം കണ്ടുകെട്ടിയതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. അതേസമയം അറസ്‌റ്റിലായ ആതിര ഗോൾഡ് ഉടമകളെ റി മാൻഡ് ചെയ്തു. സെൻട്രൽ പോലീസിന്റെ പിടിയിലായ വൈപ്പിൻ പള്ളിപ്പുറം മാണി ബസാർ രണ്ടുതൈക്കൽ ആർ.ജെ. ആന്റണി, ജോസഫ്, ജോൺസൺ, ജോബി എന്നിവരെയാണ് റിമാൻഡ് ചെയ്തത്.