പന്തളം: ആതിരമല ഐ.എച്ച്.ഡി.പി. കോളനി നിവാസികളായ കുടുംബങ്ങൾക്ക് വീട്ടിലെത്താൻ സ്വന്തമായി വഴി വേണമെന്ന ആഗ്രഹം സഫലമായി. ആതിരമല തുരന്നാണ് നഗരസഭ ഇവർക്ക് വഴിയൊരുക്കിയത്.
വളരെയേറെ നാളുകളായി ഇവർ വഴി ആവശ്യപ്പെട്ടിരുന്നുവെങ്കിലും ലഭിച്ചിരുന്നില്ല. നഗരസഭയ്ക്കു മുൻപിൽ സമരം നടത്തിയിട്ടും മാറിമാറിവന്ന ജനപ്രതിനിധികൾക്കു മുൻപിൽ നിവേദനം നൽകിയിട്ടും ഫലമുണ്ടായില്ല. ഒടുവിൽ കോളനി നിവാസികൾ ചേർന്ന് കോടതിയെ സമീപിച്ചപ്പോഴാണ് മല തുരന്ന് വഴിവെട്ടാനായി അനുമതി ലഭിച്ചത്.
പറന്തലിൽനിന്ന് തുടങ്ങി കുരമ്പാല പോസ്റ്റോഫീസ് പടിവരെ എത്തുന്ന റോഡിൽ നിന്ന് 270 മീറ്റർ നീളത്തിലാണ് പുതിയ റോഡിനായി മല തുരന്നുമാറ്റിയത്. നഗരസഭയിൽനിന്ന് എസ്.സി. പ്ലാൻ ഫണ്ടുപയോഗിച്ചാണ് 2.91 ലക്ഷം രൂപയുടെ പദ്ധതി നടപ്പാക്കിയത്. റോഡിന്റെ തുടക്കത്തിൽ മണ്ണൊലിച്ചു പോകാതിരിക്കാനായി 53.8 മീറ്റർ നീളത്തിൽ കോൺക്രീറ്റും ചെയ്യുന്നുണ്ട്.
അതേസമയം മലയിടിച്ച് മണ്ണെടുപ്പിൽ അഴിമതി ആരോപിച്ച് നഗരസഭയിലെ ബി.ജെ.പി. അംഗങ്ങൾ രംഗത്തെത്തിയതോടെ അവസാനഘട്ടം മുടങ്ങിയിരിക്കുകയാണ്. 50,000 രൂപയ്ക്ക് ലേലം ചെയ്താണ് മണ്ണ് മാറ്റിയതെന്ന് നഗരസഭാ എൻജിനീയറിങ് വിഭാഗം പറഞ്ഞു. ഇതിൽ അഴിമതിയുണ്ടെന്നും ഇവിടെനിന്നെടുക്കുന്ന മണ്ണ് നഗരസഭാ ബസ്‌സ്റ്റാൻഡ് പണിക്കായി ഉപയോഗിക്കണമെന്ന് കൗൺസിലിൽ ആവശ്യപ്പെട്ടിട്ടും അത് നടപ്പാക്കിയില്ലെന്നുമാണ് ബി ജെ പിയുടെ ആരോപണം.