അതിസാഹസിക ട്രെക്കിങ്ങും ഇത്തവണ കോടമഞ്ഞും മാത്രമല്ല പ്രകൃതിയൊരുക്കിയ അതിഗംഭീരമായ കാഴ്ചകള്‍ കാണാന്‍ ഏറെയുണ്ട്. അവയെല്ലാം ആസ്വദിക്കാന്‍ തയ്യാറെങ്കില്‍ നേരെ പോകാം ആതിരമലയിലേക്ക്. പത്തനംതിട്ട ജില്ലയിലാണ് ആതിരമല സ്ഥിതി ചെയ്യുന്നത്. ജില്ലയിലെ ഏറ്റവും ഉയരം കൂടിയ ഈ മല സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 2000 അടി ഉയരത്തിലാണ്. ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ മലകളിലൊന്ന് കൂടിയാണ് കേട്ടോ ആതിരമല. സ്ഥലത്തിന്റെ പേര് കേള്‍ക്കുമ്പോള്‍ എങ്ങനെ ഇത് വന്നുവെന്ന കൗതുകം പലരും പങ്കുവെയ്ക്കാറുണ്ട്.
അതുരന്‍ എന്ന അസുരന്‍ ഇവിടെ വസിച്ചിരുന്നുവെന്നും അതിനാലാണ് ഇവിടം ആതിരമലയായതെന്നുമാണ് വിശ്വസിക്കപ്പെടുന്നത്. മലകളുടെ അധിപനായ മലയച്ഛന്‍ കുടികൊള്ളുന്ന ഈ സ്ഥലം പിന്നീട് ഇന്ന് കാണുന്ന ആതിരമലയായെന്നും ശിവപാര്‍വ്വതി ക്ഷേത്രമായി മാറിയെന്നുമാണ് വിശ്വാസം. പണ്ട് പൂതാടി ദൈവം, കരിവില്ലി, പൂവില്ലി, ഇളവില്ലി, മേലേ തലച്ചി, കരുവാള്‍, മുത്തപ്പന്‍, മലക്കരി തുടങ്ങിയ മലദൈവങ്ങളേയും ഇവിടെ ആരാധിച്ചിരുന്നതായി ചില ചരിത്ര കഥകള്‍ പരാമര്‍ശിക്കുന്നുണ്ട്. ഇന്നും പഴയ കാലത്തിന്റെ ജൈവ സംസ്‌കൃതിയോട് ചേര്‍ന്ന് നില്‍ക്കുന്ന ചടങ്ങുകള്‍ ഇവിടെ നടക്കുന്നുണ്ട്. മകരമാസത്തിലാണ് ഇവിടുത്തെ ഉത്സവം. ആ സമയത്ത് കെട്ടുകാഴ്ച പ്രദര്‍ശനം ഉള്‍പ്പെടെ ഇവിടെ നടക്കാറുണ്ട്.
പൊതുവെ മലയെന്ന് കേള്‍ക്കുമ്പോള്‍ തണുപ്പാന്‍ കാലത്ത് പ്രത്യേകിച്ച് മഞ്ഞ് മൂടിയ കാഴ്ചകളായിരിക്കും സഞ്ചാരികള്‍ പ്രതീക്ഷിക്കുക. പിന്നെ സാഹസികതയും.എന്നാല്‍ ഇതൊന്നുമല്ല ആതിരമലയിലെ കാഴ്ച. ചുറ്റും പച്ചപ്പ് നിറഞ്ഞ് മനംമയക്കുന്ന കാഴ്ചകളായിരിക്കും ആതിരമലയില്‍ എത്തുന്ന സഞ്ചാരികളെ വരവേല്‍ക്കുക. മുകളിലെത്തിയാലോ പത്തനംതിട്ടയുടെ വിദൂരക്കാഴ്ചകള്‍ നല്ല രീതിയില്‍ ആസ്വദിക്കാനും പറ്റും. പന്തളത്തെ കരിങ്ങാലി പാടശേഖരം ,ഇതിനിടയിലൊഴുകുന്ന വലിയ തോട്, കൊടുമാങ്ങല്‍ വയല്‍, കുരമ്പാലയം, പന്തളം തട്ടയില്‍, അടൂര്, കോന്നി, ഇലവുംതിട്ട എന്നിങ്ങനെ ഏറെ കുറെ എല്ലാ സ്ഥലങ്ങളും ഇവിടെ നിന്ന് മനോഹരമായി കാണാനാകും. ഇനി ആതിരമലയിലേക്ക് എത്തുക എങ്ങനെയെന്ന് നോക്കാം. പന്തളത്തു നിന്നും അടൂരിലേക്ക് എംസി റോഡ് വഴി കയറി പഴകുളത്ത് എത്തണം. ഇവിടെ നിന്നും രണ്ട് കിമി സഞ്ചരിച്ചാല്‍ ആതിരമലയുടെ അടിവാരത്ത് എത്താന്‍ കഴിയും. പറന്തല്‍ പള്ളി ജംങ്ഷനില്‍ നിന്നും രണ്ടര കിലോമീറ്റര്‍ അകലെയാണ് ആതിരമല.