കോട്ടയം : അതിരമ്പുഴയില്‍ നടന്ന വാഹനാപകടം കൊലപാതകശ്രമമെന്ന് കണ്ടെത്തല്‍. ഇന്ന് രാവിലെ അതിരമ്പുഴ പാറോലിക്കലിലുണ്ടായ അപകടത്തിലാണ് നാടകീയ വഴിത്തിരിവ്. രാവിലെ ഏഴു മണിയോടെയാണ് സംഭവം. പാറോലിക്കല്‍ അതിരമ്പുഴ റൂട്ടില്‍ ഐക്കരക്കുന്ന് ഭാഗത്തെത്തിയപ്പോഴാണ് പച്ച നിറത്തിലുള്ള മഹാരാഷ്ട്ര രജിസ്‌ട്രേഷന്‍ സൈലോ വാഹനം അതിരമ്പുഴ സ്വദേശി നെല്‍സണ്‍ എന്ന സെബാസ്റ്റ്യനെ ഇടിച്ചു വീഴ്ത്തിയത്.
സെബാസ്റ്റ്യനെ ഇടിച്ചുവീഴ്ത്തിയ ശേഷം മുന്നോട്ടു കുതിച്ച വാഹനം തൊട്ടടുത്ത പോസ്റ്റില്‍ ഇടിച്ചു മറിയുകയായിരുന്നു. മൂന്നു പേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. പരുക്കേറ്റ സെബാസ്റ്റ്യനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനത്തിലുണ്ടായിരുന്നവരെയും ഇതേ ആശുപത്രിയില്‍ തന്നെയാണ് എത്തിച്ചത്.
ആശുപത്രി അധികൃതര്‍ വിവരമറിയിച്ചതിനേത്തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് രണ്ടു കക്ഷികളും ഒരേ അപകടത്തില്‍പ്പെട്ടവരെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് പ്രതികളുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ കോളുകളും വാട്‌സ് ആപ്പ് ചാറ്റുകളും ഡിലീറ്റ് ചെയ്ത നിലയില്‍ കണ്ടെത്തി. സംശയം തോന്നിയ പോലീസ് വിശദമായി ചോദ്യം ചെയ്തതോടെയാണ് അപകടം ക്വൊട്ടേഷനാണെന്ന് കണ്ടെത്തിയത്.
സെബാസ്റ്റ്യന്റെ മുന്‍ വ്യവസായ പങ്കാളിയാണ് ക്വൊട്ടേഷന്‍ നല്‍കിയതെന്നാണ് പോലീസിന്റെ നിഗമനം. ഇരുവരും തമ്മില്‍ ബിസിനസ് തര്‍ക്കങ്ങളേത്തുടര്‍ന്ന് കോടതിയില്‍ കേസ് നിലനില്‍ക്കുന്നുമുണ്ട്. കസ്റ്റഡിയിലുള്ള മൂന്നുപേരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.