കോട്ടയം : പാലാ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ വനിതാ കായിക താരത്തെ അപമാനിച്ചതായി പരാതി. അപമാനിച്ചയാള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഏഷ്യന്‍ ഗെയിംസ് താരം നീന സ്റ്റേഡിയത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തിങ്കളാഴ്ച വൈകീട്ട് ആറരയ്ക്ക് സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തിലാണ് സംഭവം. കായിക താര ദമ്പതികളായ പിന്റോ മാത്യുവും ഭാര്യ നീന മാത്യുവും പരിശീലനത്തിനായി എത്തിയപ്പോഴാണ് സംഭവം. ഇരുവരും പരിശീലനം നടത്തുന്നതിനിടെ ട്രാക്കില്‍ തടസം സൃഷ്ടിച്ചതിനെ ചോദ്യം ചെയ്തപ്പോഴാണ് അപമാനിച്ചത്.
മുന്‍ കായിക താരം സജീവ് കണ്ടത്തിലാണ് ഇവരെ അപമാനിച്ചത്. ട്രാക്കില്‍ നടക്കുന്നവര്‍ കയറാന്‍ പാടില്ലാത്തതാണ്. എന്നാല്‍ തടസം സൃഷ്ടിച്ചതോടെയാണ് ഇരുവരും ചോദ്യം ചെയ്തത്. തുടര്‍ന്ന് സജീവ് സ്ത്രീത്വത്തെ ചോദ്യം ചെയ്യുന്ന തരത്തില്‍ അപമാനിച്ചതായി നീനയും പിന്റോ മാത്യവും പറര്ഞ്ഞു. വിവരമറിഞ്ഞ് പോലീസ് എത്തിയെങ്കിലും പരാതി നല്‍കിയാല്‍ വേണ്ടതുചെയ്യാമെന്ന് പറഞ്ഞ് മടങ്ങിയെന്നും നീന പരാതിപ്പെട്ടു. ഇതില്‍ പ്രതിഷേധിച്ചാണ് നീനയും പിന്റോ മാത്യുവും സ്റ്റേഡിയത്തിനുള്ളില്‍ പ്രതിഷേധിച്ചത്.
സംഭവമറിഞ്ഞ് നഗരസഭാ ചെയര്‍മാനും അധികൃതരും കായികതാരങ്ങളും സ്റ്റേഡിയത്തിലെത്തി. പാലാ സിഐ. കെ.പി തോംസണ്‍ സ്ഥലത്തെത്തി മൊഴി രേഖപ്പെടുത്തുകയും പ്രതികള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് ഉറപ്പും നല്‍കിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. സിന്തറ്റിക് ട്രാക്കിലെ ആറ്, ഏഴ്, എട്ട് ട്രാക്കുകളാണ് നടപ്പുകാര്‍ക്കായി നഗരസഭ അനുവദിച്ചിരിക്കുന്നത്. മറ്റ് ട്രാക്കുകള്‍ പരിശീലന താരങ്ങള്‍ക്കായി അനുവദിച്ചിരിക്കുന്നത്. ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസിലെ ലോങ്ജമ്പ് വെള്ളിമെഡല്‍ ജേതാവാണ് നീന. പിന്റോ മാത്യു ഹര്‍ഡില്‍സില്‍ ദേശീയ താരമാണ്. ഇരുവരും കോട്ടയത്ത് റെയില്‍വേയില്‍ ടി.ടി.ഇ മാരാണ്.