തിരുവനന്തപുരം : എടിഎം കാര്‍ഡ് വലുപ്പത്തിലുള്ള സ്മാര്‍ട്ട് റേഷന്‍ കാര്‍ഡുകള്‍ തിങ്കളാഴ്ചമുതല്‍ വിതരണം ചെയ്യും. സംസ്ഥാനതല വിതരണ ഉദ്ഘാടനം ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ നിര്‍വഹിക്കും. പുസ്തക രൂപത്തിലുള്ള റേഷന്‍ കാര്‍ഡിന് പകരം കീശയില്‍ സൗകര്യപ്രദമായി കൊണ്ടുനടക്കാമെന്നതാണ് നേട്ടം. സര്‍ക്കാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ച് ഏര്‍പ്പെടുത്തുന്ന മറ്റ് സേവനങ്ങള്‍ക്കും ഇതുപയോഗിക്കാം.
പുസ്തക രൂപത്തിലുള്ളവയ്ക്കുപകരം അപേക്ഷകന് സ്വയം പ്രിന്റെടുത്ത് ഉപയോഗിക്കാവുന്ന ഇ – റേഷന്‍ കാര്‍ഡുകള്‍ക്ക് നേരത്തേ രൂപം നല്‍കിയിരുന്നു. ഇത് പരിഷ്കരിച്ചാണ് സ്മാര്‍ട്ട് റേഷന്‍ കാര്‍ഡാക്കിയത്. * ക്യൂആര്‍ കോഡും ബാര്‍ കോഡും അടങ്ങിയ കാര്‍ഡിന്റെ ഒരു വശത്ത് ഉടമയുടെ പേര്, ഫോട്ടോ, വിലാസം തുടങ്ങിയ വിവരങ്ങളും മറുവശത്ത് പ്രതിമാസ വരുമാനം, റേഷന്‍കട നമ്പര്‍, വീട് വൈദ്യുതീകരിച്ചതാണോ, ഗ്യാസ് കണക്ഷനുണ്ടോ തുടങ്ങിയ വിവരങ്ങളും ഉണ്ടാകും.