കോന്നി : അട്ടച്ചാക്കൽ – കുമ്പളാംപൊയ്ക റോഡിലെ നിരന്തര പൈപ്പ് പൊട്ടൽ റോഡ് തകർച്ചക്ക് കാരണമാകുന്നു. എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച പതിനേഴു കോടി രൂപ വിനിയോഗിച്ചാണ് ബി എം ആൻഡ് ബി സി സാങ്കേതിക വിദ്യ ഉപയോഗിച്ച് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.
പതിനേഴു കോടി രൂപയിൽ 14.6 കോടി രൂപ ആധുനിക രീതിയിലുള്ള ടാറിങ്ങിനും എഴുപത്തിയേഴുലക്ഷം രൂപ വാട്ടർ അതോറിറ്റി നിർമ്മാണ പ്രവർത്തനങ്ങൾക്കും എട്ടുലക്ഷം രൂപ കെ.എസ്.ഇ.ബി നിർമ്മാണ പ്രവർത്തനങ്ങൾക്കും ആയിരുന്നു നീക്കി വെച്ചത്. പതിമൂന്ന് കിലോമീറ്റർ ദൂരമായിരുന്നു ടാർ ചെയ്തത്. ടാറിങ് ജോലികൾ പൂർത്തിയാക്കിക്കഴിഞ്ഞപ്പോള്‍ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനുകൾ അടിക്കടി പൊട്ടുകയാണ്. ഇതുമൂലം കോടികള്‍ ചെലവഴിച്ച് പുതിയതായി നിര്‍മ്മിച്ച ഈ റോഡ് തകരുകയാണ്. ഉദ്യോഗസ്ഥരുടെ വീഴ്ചയാണ് റോഡ് തകരുവാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
ഗുണമേന്മ ഇല്ലാത്ത പൈപ്പുകളാണ് വാട്ടർ അതോറിറ്റി നിർമ്മാണ പ്രവർത്തങ്ങൾക്ക് ഉപയോഗിച്ചിരിക്കുന്നതെന്നും ഇതിനാലാണ് പൈപ്പുകൾ അടിക്കടി പൊട്ടി പോകുന്നതെന്നും ആരോപണമുണ്ട്. റോഡിൽ പൈപ്പ് പൊട്ടൽ രൂക്ഷമായതോടെ കുറച്ച് നാളുകൾക്ക് മുൻപ് മാത്രം ചെയ്ത ടാറിങ് ഇപ്പോൾ പൊളിഞ്ഞുതുടങ്ങിയിരിക്കുകയാണ്. ശബരിമല മണ്ഡല കാലത്ത് ഉൾപ്പെടെ നിരവധി അയ്യപ്പ ഭക്തരാണ് ഇതേ റോഡുവഴി വടശേരിക്കരയിലെത്തി ശബരിമലയിലേക്ക് പോകുന്നത്. വാട്ടർ അതോറിറ്റി അറ്റകുറ്റപണികൾ നടത്തി ഗുണമേൻമയുള്ള പൈപ്പ് ലൈനുകൾ സ്ഥാപിച്ച് പൈപ്പ് പൊട്ടൽ ഒഴിവാക്കിയെങ്കിൽ മാത്രമേ റോഡ് തകർച്ച പരിഹരിക്കുവാൻ സാധിക്കൂ.