കോന്നി : നിര്‍മ്മാണത്തില്‍ വന്‍ അഴിമതി ആരോപിക്കപ്പെട്ടതിനെ തുടര്‍ന്ന് അട്ടച്ചാക്കല്‍ – കുമ്പളാംപൊയ്ക റോഡില്‍ കിഫ്‌ബി വിദഗ്ധര്‍ വിശദമായ പരിശോധന നടത്തി. പതിമൂന്ന് കിലോമീറ്റര്‍ റോഡിനായി 14,62,54,577.40 രൂപ അനുവദിച്ച പാത ബി എം ബി സി സാങ്കേതിക വിദ്യയില്‍ പണി തീര്‍ക്കുന്നത്തിനായിരുന്നു ടെന്‍ഡര്‍ നല്‍കിയിരുന്നത്. നിര്‍മ്മാണത്തില്‍ വന്‍ അഴിമതിയുണ്ടെന്നും നിലവാരം പുലര്‍ത്തുന്നില്ലെന്നും തുടക്കംമുതല്‍ പരാതിയുണ്ടായിരുന്നു. എന്നാല്‍ ഇതിനെ അവഗണിച്ചുകൊണ്ട് കരാറുകാരന്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി. എന്നാല്‍ മാസങ്ങള്‍ക്കകം റോഡിന്റെ തകര്‍ച്ചയും ആരംഭിച്ചു. പാതയുടെ മിക്ക ഭാഗങ്ങളിലും റോഡ് വിണ്ടുകീറി. പല സ്ഥലങ്ങളിലും വന്‍ കുഴികള്‍ രൂപപ്പെട്ടിരുന്നു.
റോഡു നിര്‍മ്മാണത്തിലെ അപാകതകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഐ എന്‍ ടി യു സി സംസ്ഥാന ജനറല്‍ സെക്രട്ടറി ജ്യോതിഷ് കുമാര്‍ മലയാലപ്പുഴ നല്‍കിയ പരാതിയിലാണ് കിഫ്ബിയുടെ നടപടി. റോഡില്‍ ഒന്‍പത് സ്ഥലങ്ങളില്‍ കുഴിച്ചു പരിശോധന നടത്തി. പരാതിക്കാരന്റെ സാന്നിധ്യത്തില്‍ കിഫ്‌ബി സംഘം സാമ്പിളുകള്‍ ശേഖരിച്ചു. കരാറുകാരുടെ പ്രതിനിധികളെയും വിളിച്ചു വരുത്തിയിരുന്നു.