കോട്ടയം : സംഗീത സംവിധായകൻ ജയ്സൺ ജെ.നായർക്ക് നേരെ ആക്രമണം. കല്ലറ – ഇടയാഴം റോഡിൽ രാത്രി കാറിൽ സഞ്ചരിക്കവെയാണ് മൂന്നംഗ സംഘം ജയ്സൺ ജെ.നായരെ ആക്രമിച്ചത്. അക്രമികൾ വാളെടുത്ത് വീശുകയും മുഖത്ത് മർദ്ദിക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.
ആൾപാർപ്പില്ലാത്തിടത്ത് വെച്ചായിരുന്നു ആക്രമണം. ഫോൺ വന്നതിനെ തുടർന്ന് കാർ നിർത്തി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു ജയ്സൺ. പെട്ടെന്നാണ് മൂന്ന് യുവാക്കൾ മുമ്പിൽ കൂടി വന്നത്. തുടർന്ന് കാർ ഇവിടെ നിർത്തിയിടാൻ പറ്റില്ലെന്നും മാറ്റിയിടാനും ആവശ്യപ്പെടുകയായിരുന്നു. ശേഷം പണം ചോദിച്ച് മർദ്ദിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
പണം ചോദിച്ചാണ് യുവാക്കൾ ആക്രമിച്ചത്. പതിനെട്ട് വയസിന് താഴെയുള്ളവരാണ് ആക്രമിച്ചത്. യുവാക്കൾ മയക്കുമരുന്നിന് അടിമകളാണ്. അവരുടെ മുമ്പിൽ കൈകൂപ്പി നിന്നപ്പോൾ അരയിൽ നിന്ന് ഒരുത്തൻ വാളെടുത്ത് വീശുകയായിരുന്നു. എന്നാൽ കൂടെയുള്ളവൻ പ്രശ്നങ്ങളൊന്നും ഉണ്ടാക്കരുത് എന്നാവശ്യപ്പെട്ടു. ഉടൻ കാറെടുത്ത് അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു എന്ന് ജയ്സൺ പറഞ്ഞു.
വയലാർ ശരത്ചന്ദ്രവർമയുടെ വീട്ടിൽ ജോലി സംബന്ധമായ മീറ്റിങ് കഴിഞ്ഞു വരുന്നിതിനിടെയായിരുന്നു ആക്രമണം. നേരത്തെയും ഈ ഭാഗത്ത് ഇത്തരത്തിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞിരുന്നതായി അദ്ദേഹം വ്യക്തമാക്കി. ഈ പ്രദേശങ്ങൾ ഇത്തരത്തിൽ സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമായി മാറുന്നുവെന്ന് പ്രദേശവാസികൾ ആരോപണം ഉന്നയിക്കുന്നുണ്ട്.