റാന്നി: മുക്കട-ഇടമണ്‍-അത്തിക്കയം ശബരിമല പാതയിൽ ആന്ധ്രാപ്രദേശ് സ്വദേശികളായ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച തീർത്ഥാടന വാഹനത്തിനു നേരെ ഉണ്ടായ ആക്രമണത്തിലെ പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. അത്തിക്കയം കണ്ണമ്പള്ളി പഞ്ചാരമുക്കിന് സമീപം ഞായറാഴ്ച വൈകിട്ട് ഏഴരയോടായിരുന്നു സംഭവം. ഇരുചക്ര വാഹനത്തിലെത്തിയ രണ്ടു പേര്‍ ചേര്‍ന്ന് ബസിന്‍റെ മുന്‍വശത്തെ ചില്ല് എറിഞ്ഞുടയ്ക്കുകയായിരുന്നു. വീടുകളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും സി.സി.റ്റി.വി ദൃശ്യങ്ങൾ കേന്ദ്രകരിച്ചുള്ള അന്വേഷണമാണ് നിലവിൽ നടക്കുന്നത്. വിഷയത്തിൽ ജില്ലാ പോലീസ് മേധാവി വി. അജിത് ഉൾപ്പെടെ നിരന്തര ഇടപെടൽ നടത്തുന്നുണ്ട്.
ആക്രമണത്തിൽ ബസിന്റെ മുന്നിലുള്ള ഗ്ലാസ് പൂർണ്ണമായും തകർന്നിരുന്നു. പെരുനാട് പോലീസ് ഉടൻതന്നെ സ്ഥലത്തെത്തി നടപടികൾ സ്വീകരിക്കുകയും തുടർ യാത്രക്ക് മറ്റു വാഹനം തയ്യാറാക്കി നൽകാം എന്നറിയിച്ചെങ്കിലും അയ്യപ്പന്മാർ ഇതേ വാഹനത്തിൽ പോകണമെന്ന് വാശി പിടിച്ചു. തുടർന്നു ഇവരെ തിരികെ വരുമ്പോൾ സ്റ്റേഷനിൽ എത്തണമെന്ന് അറിയിച്ചു പോകാൻ അനുവദിച്ചു. ഇരുചക്ര വാഹനത്തിൽ ഏതിരെ വന്ന രണ്ട് യുവാക്കൾ ആണ് കറുത്ത ബൈക്കിൽ ഇരുന്നുകൊണ്ട് കല്ലെറിഞ്ഞത് എന്നാണ് ദൃക്‌സാക്ഷികളായ അയ്യപ്പൻമാരും സമീപവാസികളും പറയുന്നത്. വിഷയത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അക്രമണികളെ പിടികൂടി തക്കതായ ശിക്ഷ നൽകണമെന്നാണ് അയ്യപ്പ സേവാ സംഘടനകളുടെയും നാട്ടുകാരുടെയും ആവശ്യം.