ഇരവിപുരം : ബാധ ഒഴിപ്പിച്ചു കൊടുക്കാമെന്നു പറഞ്ഞു വാങ്ങിയ ഒരു ലക്ഷം രൂപ തിരികെ ചോദിച്ചതിനു ദമ്പതികളെയും മാതാവിനെയും കുത്തിപ്പരുക്കേൽപിച്ച ശേഷം ഒളിവിൽ പോയ മന്ത്രവാദിയെ ഇരവിപുരം പോലീസ് അറസ്റ്റ് ചെയ്തു. താന്നി ക്ഷേത്രത്തിനു സമീപം ആലുവിള വീട്ടിൽ ബലഭദ്രൻ (63) ആണ് അറസ്റ്റിലായത്. മാർച്ച് 29 നു വൈകിട്ട് 6.30ന് താന്നിയിലെ മന്ത്രവാദിയുടെ താമസസ്ഥലത്തായിരുന്നു സംഭവം. യുവതിയുടെ അമ്മയുടെ പിതാവിന് പ്രേതബാധയുണ്ടെന്നും ഇത് ഒഴിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് ആക്രമണത്തിനിരയായവർ ബലഭദ്രനെ സമീപിച്ചത്.
മന്ത്രവാദം നടത്തി ബാധ ഒഴിപ്പിക്കുന്നതിനായി പലപ്പോഴായി ഇയാൾ ഇവരിൽ നിന്നും ഒരു ലക്ഷം രൂപ കൈപ്പറ്റിയിരുന്നു. എന്നാൽ ഫലം കാണാതെ വന്നതോടെയാണ് പണം നൽകിയ പാരിപ്പള്ളി കുളമട സ്വദേശികളായ ദമ്പതികൾ താന്നിയിലെ മന്ത്രവാദിയുടെ വീട്ടിലെത്തി പണം തിരികെ ആവശ്യപ്പെട്ടത്. പല അവധികൾ പറഞ്ഞ ശേഷം മാർച്ച് 29 ന് പണം തിരികെ നൽകാമെന്ന് പറഞ്ഞ് ഇവരെ വീട്ടിലേക്കു വിളിച്ചു വരുത്തി ആക്രമിച്ചുവെന്നാണ് കേസ്. യുവതിയുടെ മാതാവ് കുത്തേറ്റു ഗുരുതരാവസ്ഥയിൽ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. സംഭവത്തിനു ശേഷം ഇയാൾ ഒളിവിൽ പോവുകയായിരുന്നു.
ഇയാൾ വെളിയത്തുള്ള രണ്ടാം ഭാര്യയുടെ വീട്ടിലെത്തിയതായി പോലീസിന് വിവരം ലഭിച്ചു. പോലീസ് എത്തിയപ്പോഴേക്കും ഇയാൾ മാവേലിക്കരയിലേക്കു കടന്നു. ഒട്ടേറെ സ്ത്രീകളുമായി ബന്ധമുണ്ടായിരുന്ന ഇയാൾ ഇതു മുതലെടുത്താണ് ഒളിവിൽ കഴിഞ്ഞിരുന്നത്. മാവേലിക്കര കൊല്ലകടവ് ഭാഗത്തുനിന്ന് ഇരവിപുരം ഇൻസ്പെക്ടർ പി.എസ്. ധർമജിത്ത്, എസ്ഐമാരായ ദീപു, സൂരജ്, സുതൻ, സന്തോഷ്, അജിത് കുമാർ, എഎസ്ഐ ഷിബു പീറ്റർ, സിപിഒ വൈശാഖ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു. നേരത്തേ തട്ടിപ്പിനിരയായ പലരും പരാതിയുമായി പോലീസിനെ സമീപിച്ചിട്ടുണ്ട്.