വള്ളികുന്നം: സഹകരണ ബാങ്ക് ശാഖയിലെ സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിച്ച കേസിലെ പ്രതി പിടിയില്‍. കട്ടച്ചിറ കാട്ടിരേത്ത് പുത്തന്‍വീട്ടില്‍ നിസാമാണ് (പോത്ത് നസിം -20) പിടിയിലായത്. കട്ടച്ചിറ പാറക്കല്‍ മുക്കിലെ ഭരണിക്കാവ് ബാങ്ക് ശാഖ ഓഫിസിലെ സെക്യൂരിറ്റി ജീവനക്കാരനായ പോച്ചിരേത്തറ്റ് പടീറ്റതില്‍ ഉത്തമനെയാണ് ( 66) മര്‍ദിച്ചത്.
ഞായറാഴ്ച അര്‍ധരാത്രി ജോലിക്കിടെ ഓഫിസില്‍ അതിക്രമിച്ചുകയറി തലക്കും മുഖത്തും വടികൊണ്ടും ചെടിച്ചട്ടികൊണ്ടും ക്രൂരമായി മര്‍ദിക്കുകയായിരുന്നു. കൃത്യത്തിനുശേഷം ഒളിവില്‍ പോയ പ്രതിയെ വള്ളികുന്നം പോലീസ് ഇന്‍സ്പെക്ടര്‍ ഇഗ്നേഷ്യസിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ ഗോപകുമാര്‍, എ.എസ്.ഐ ബഷീര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ജയരാജ്, സിവില്‍ പോലീസ് ഓഫിസര്‍മാരായ വിഷ്ണു, ജിഷ്ണു, കണ്ണന് എന്നിവരാണ് പ്രതിയെ പിടികൂടിയത്. പോലീസിനെക്കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ സാഹസികമായാണ് കീഴടക്കിയത്.