തിരുവല്ല : കഞ്ചാവ് വില്‍പ്പന സംബന്ധിച്ച വിവരം എക്‌സൈസിന് ചോര്‍ത്തിനല്‍കിയെന്ന് ആരോപിച്ച് അയല്‍വാസിയെ കുത്തിപ്പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍. കുറ്റപ്പുഴ കണ്ടത്തിന്‍കരയില്‍ വീട്ടില്‍ രാഹുല്‍ രാജന്‍ (24) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രി 10ന് കിഴക്കന്‍മുത്തൂര്‍ നാട്ടുകടവ് പയ്യാംപ്ലാത്ത വീട്ടില്‍ തോമസ് ജോസഫ് (39) നെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലാണ് അറസ്റ്റ് നടന്നത്. ഗുരുതരമായി പരിക്കേറ്റ തോമസ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ചികിത്സയിലാണ്. ഫ്ളക്സ് മുറിക്കാന്‍ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
കഞ്ചാവ് കൈവശം വെച്ചതിന് രാഹുല്‍രാജിനെ പ്രതിയാക്കി എക്‌സൈസ് കേസെടുക്കുകയും ഇയാളുടെ ബൈക്ക് കഞ്ചാവ് സഹിതം പിടികൂടുകയും ചെയ്തു. തോമസ് ഒറ്റുകൊടുത്തെന്ന് ആരോപിച്ചായിരുന്നു ആക്രമണം നടന്നത്. ആക്രമണത്തിനിടെ രാഹുലിനും പരിക്കേറ്റിരുന്നു. തിരുവല്ല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.