കോഴിക്കോട്: ഇന്നലെ ഓട്ടോറിക്ഷ തൊഴിലാളികള്‍ നടത്തിയ സമരത്തില്‍ പങ്കെടുക്കാത്ത ഓട്ടോറിക്ഷകള്‍ക്കും തൊഴിലാളികള്‍ക്കുമെതിരെ അക്രമമെന്ന് പരാതി. സമരത്തില്‍ പങ്കെടുക്കാത്ത തൊഴിലാളികളെ മര്‍ദ്ദിച്ചെന്നും ഓട്ടോയുടെ ഷീറ്റുകള്‍ കീറി നശിപ്പിച്ചെന്നും പരാതിയുണ്ട്. ഇന്നലെ ഉച്ചയോടെയാണ് ഡ്രൈവര്‍മാര്‍ക്കുനേരെയും വണ്ടികള്‍ക്ക് നേരെ അക്രമം ഉണ്ടായത്.
സിസി ഓട്ടോ തൊഴിലാളി സംയുക്ത യൂണിയനാണ് സിസി പെര്‍മിറ്റില്ലാതെ കോര്‍പ്പറേഷന്‍ പരിധിയില്‍ സര്‍വീസ് നടത്തുന്ന ഓട്ടോ തൊഴിലാളികള്‍ക്കെതിരെ നടപടി സ്വീകരിക്കുക. എല്‍എന്‍ജി ഓട്ടോകള്‍ക്ക് മാറ്റി വെച്ച പെര്‍മിറ്റ് സിഎന്‍ജി ഓട്ടോകള്‍ക്ക് നല്‍കാതിരിക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് 24 മണിക്കൂര്‍ സൂചനാ പണിമുടക്ക് നടത്തിയത്. ഈ പണി മുടക്കില്‍ പങ്കെടുക്കാത്ത ഓട്ടോ തൊഴിലാളികള്‍ക്കാണ് സര്‍വീസ് നടത്തിയതിന്‍റെ പേരില്‍ അക്രമം നേരിടേണ്ടി വന്നത്. അക്രമത്തിന് ഇരായായ തൊഴിലാളികള്‍ നടക്കാവ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഓട്ടോ ഡ്രൈവര്‍മാര്‍ നല്‍കിയ പരാതിയില്‍ നടക്കാവ് പോലീസ് കേസെടുത്തു.