പത്തനംതിട്ട : കോവിഡ് 19 മുന്‍കരുതലിന്റെ ഭാഗമായി വിദ്യാലയങ്ങള്‍ നേരത്തെ അടച്ചതുമൂലം ശബരിമല വനമേഖലയിലെ ഊരുകളില്‍ കഴിയുന്ന ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ താമസസ്ഥലത്ത് ഭക്ഷണമെത്തിച്ചു നല്‍കി മാതൃകയാകുകയാണ് ട്രൈബല്‍ ഡിപാര്‍ട്ടുമെന്റും സ്‌കൂള്‍ പി.ടി.എയും സന്നദ്ധ പ്രവര്‍ത്തകരും.
അട്ടത്തോട് ഗവണ്‍മെന്റ് ട്രൈബല്‍ സ്‌കൂളിലെ ഒന്നു മുതല്‍ നാലുവരെയുള്ള കുട്ടികള്‍ക്കും അട്ടത്തോട് വനമേഖലയിലുള്ള കിസുമം ഹയര്‍ സെക്കഡറി സ്‌കൂളിലെ വിവിധ ക്ലാസുകളില്‍ പഠിക്കുന്ന ആദിവാസി വിദ്യാര്‍ഥികള്‍ക്കുള്‍പ്പെടെ 60 കുട്ടികള്‍ക്കുള്ള ഭക്ഷണമാണ് പമ്പ മുതല്‍ ളാഹ വരെയുള്ള സ്ഥലങ്ങളില്‍ വിദ്യാര്‍ഥികളുടെ ഊരുകളില്‍ എത്തിക്കുന്നത്. രാവിലെ ഉപ്പുമാവ്, ഇടലി, ദോശ എന്നിവയില്‍ ഏതെങ്കിലും ഒന്നും സാമ്പാറും ഉച്ചയ്ക്കും വൈകിട്ടും ചോറും കറികളുമാണ് നല്‍കുന്നത്.
ആദിവാസി ക്ഷേമവകുപ്പിന്റെ സുഭിക്ഷ ബാല്യം സുന്ദരബാല്യം പദ്ധതിപ്രകാരമുള്ള തുകയാണ് ഇതിന് വിനിയോഗിക്കുന്നത്. സ്‌കൂള്‍ അടച്ചാല്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണം ലഭിക്കാന്‍ പ്രയാസം നേരിടുമെന്ന് അട്ടത്തോട് ഗവ.ട്രൈബല്‍ സ്‌കൂള്‍ പി.ടി.എ അംഗങ്ങള്‍ ട്രൈബല്‍ വകുപ്പ് വകുപ്പ് അധികൃതരെ അറിയിച്ചിരുന്നു. വാര്‍ഡ് അംഗം രാജന്‍ വെട്ടിക്കല്‍, പ്രധാന അധ്യാപകന്‍ മനോജ് കെ.ഫിലിപ്പ്, ഊരുമൂപ്പന്‍ നാരായണന്‍, അങ്കണവാടി അധ്യാപിക കുഞ്ഞുമോള്‍, അട്ടത്തോട് ഗവണ്‍മെന്റ് ട്രൈബല്‍ സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് രജിത്ത് കെ.രാജ് എന്നിവരാണ് ഊരുകളില്‍ ഭക്ഷണമെത്തിക്കാന്‍ നേതൃത്വം നല്‍കുന്നത്. ഭക്ഷണം തയ്യാറാക്കാന്‍ സമൂഹ കൂട്ടായ്മയും സഹായവുമായി ഇവര്‍ക്കൊപ്പമുണ്ട്.