കൂടൽ : സംസ്ഥാന സർക്കാരിന്റെ ടൂറിസം പദ്ധതി നടപ്പാക്കുന്ന രാക്ഷസൻപാറയിൽ ഖനനത്തിനായി സ്വകാര്യ വ്യക്തികളുടെ നേതൃത്വത്തിൽ ഭൂമി കൈയേറ്റത്തിന് ശ്രമം. ടൂറിസംപദ്ധതിക്കായി രാക്ഷസൻപാറയിൽ റവന്യൂ വകുപ്പ് ഭൂമി സംസ്ഥാന ടൂറിസംവകുപ്പിന് കൈമാറിയതിന് പിന്നാലെയാണ് ഇവിടെ കൈയേറ്റശ്രമം തുടങ്ങിയത്. രാക്ഷസൻപാറയോട് ചേർന്ന് കിടക്കുന്ന തട്ടുപാറയിലാണ് കഴിഞ്ഞദിവസം സ്വകാര്യ വ്യക്തികൾ ചേർന്ന് പാറപ്പുറത്ത് അടയാളം രേഖപ്പെടുത്തിയത്. ഇവിടേക്കുള്ള വഴിയും തെളിച്ച് അടയാളക്കൊടികളും സ്ഥാപിച്ചിട്ടുണ്ട്.
രാക്ഷസൻപാറയിൽ ഏറ്റവും മനോഹരമായ ഇടമാണ് തട്ടുപാറയുടെ ഭാഗം. സായാഹ്നങ്ങളിൽ സൂര്യാസ്തമയം കാണുന്നതിനായി ഒട്ടേറെപ്പേരാണ് ഇവിടെയെത്തുന്നത്. ടൂറിസം വകുപ്പ് പ്രഖ്യാപിച്ച ഹരിത ടൂറിസത്തിൽ ഗുരു നിത്യചൈതന്യയതിയുടെ സ്‌മാരകം ഉൾപ്പെടെ സ്ഥാപിക്കാനുദ്ദേശിക്കുന്നതും ഇവിടെയാണ്. രാക്ഷസൻപാറയിലേക്ക് സഞ്ചാരികൾ കയറിപ്പോകുന്നതും തട്ടുപാറ വഴിയാണ്.