പറക്കോട് : വാട്സ് ആപ്പിലൂടെ സന്ദേശമയച്ച് പറക്കോട് സ്വദേശിയായ യുവാവിന് വർക്ക് ഫ്രം ഹോം വാഗ്‌ദാനം ചെയ്തു പണം തട്ടാൻ ശ്രമം. പറക്കോട് കൊട്ടത്തൂർ സ്വദേശിയായ വിഷ്ണു ചന്ദ്രന്റെ മൊബൈലിലേക്ക് കഴിഞ്ഞ ദിവസം വാട്സ് ആപ്പിലൂടെ ലഭിച്ച മെസേജുകളിലാണ് സംഭവങ്ങളുടെ തുടക്കം. ജോലി വാഗ്‌ദാനത്തോട് താല്പര്യം അറിയിച്ച വിഷ്ണുവിനോട് ജോലിയുടെ വിശദവിവരങ്ങൾ ഇവർ മെസേജായി പങ്കുവെച്ചു. ഒരുപാട് സ്ഥാപനങ്ങൾക്ക് റേറ്റിംഗ് കൊടുക്കുന്ന കമ്പനിയാണെന്നും ചില കമ്പനികളുടെ ലിങ്ക് അയച്ചുതരുമെന്നും ആ ലിങ്കിൽ റിവ്യൂ ചെയ്യാനുള്ള ഇടത്തിൽ റേറ്റിംഗ് കൂടുന്ന രീതിയിൽ കമന്റ് ചെയ്യണമെന്നും അങ്ങനെ ചെയ്യുന്നതിന്റെ സ്ക്രീൻഷോട്ട് അയച്ചാൽ 150 രൂപ വീതം പ്രതിഫലം നൽകുമെന്നുമായിരുന്നു വാഗ്‌ദാനം.
യുവാവ് ജോലിക്ക് താല്പര്യം ഉണ്ടെന്നും ലിങ്ക് അയയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് ലഭ്യമായ ലിങ്കിലൂടെ ഡൽഹിയിലുള്ള ഒരു ഹോട്ടലിന്റെ റിവ്യൂ ചെയ്യുകയും സ്ക്രീൻഷോട്ട് മറുപടിയായി നൽകുകയും ചെയ്തു. ഇതിനുള്ള മറുപടിയായി തട്ടിപ്പുസംഘം അഭിനന്ദനങ്ങളും 150 രൂപ പേയ്മെന്റ് സ്വന്തമാക്കിയിരിക്കുന്നു എന്നറിയിക്കുകയും ചെയ്തു. പേയ്‌മെന്റ് ആവശ്യപ്പെട്ട വിഷ്ണുവിന് വീണ്ടും ഒരു ലിങ്ക് ഇവർ അയച്ചുനൽകി. ആ ലിങ്കിലൂടെ ബാങ്ക് വിവരങ്ങളും രഹസ്യ ഇടപാട് നമ്പരുകളും ചോരുമെന്ന് മനസിലാക്കിയ യുവാവ് ഉദ്യമത്തിൽ നിന്ന് പിന്മാറുകയായിരുന്നു. പിന്നീട് തട്ടിപ്പിന്റെ വിശദ വിവരങ്ങൾ വിഷ്‌ണു സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.