തമിഴ്നാട്: നീലഗിരി പന്തല്ലൂർ കൊളപ്പള്ളിയിൽ ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിനെ ചേരമ്പാടി പോലീസ് അറസ്റ്റ് ചെയ്തു. കൊളപ്പള്ളി സ്കൂൾ റോഡ് പരിസരത്ത് താമസിക്കുന്ന ബാലകുമാർ (39) ആണ് അറസ്റ്റിലായത്. ഗുരുതരമായി പരിക്കേറ്റ ബാലകുമാറിൻ്റെ ഭാര്യ ശോഭന (29) ഊട്ടി മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലാണ്. ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം നടന്നത്. കുടുംബവഴക്കാണ് കൃത്യത്തിൽ കലാശിച്ചതെന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം. വഴക്ക് പതിവായതിനെ തുടർന്ന് കഴിഞ്ഞ ദിവസം ശോഭന ഏലമണ്ണയിലെ അമ്മയുടെ വീട്ടിലേക്ക് പോയിരുന്നു. ശനിയാഴ്ച വൈകിട്ട് അവിടെയെത്തിയ ബാലകുമാർ തൻ്റെ കൂടെ വീട്ടിലേക്ക് വരാൻ ഭാര്യയെ വിളിച്ചെങ്കിലും ശോഭന തയ്യാറായില്ല.
തുടർന്നുണ്ടായ തർക്കത്തിലാണ് ബാലകുമാർ ഒളിപ്പിച്ചു വെച്ച പേനാകത്തി ഉപയോഗിച്ച് ശോഭനയുടെ കഴുത്തറത്തത്. ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികൾ യുവതിയെ പന്തല്ലൂർ സർക്കാരാശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ പിന്നീട് ഊട്ടി മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റി. അതിതീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് ശോഭന.