പത്തനംതിട്ട : കണ്ണിന്റെ ആരോഗ്യ സംരക്ഷണത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കണമെന്ന് അഡ്വ.സി.വി.ശാന്തകുമാര്‍ എം.എല്‍.എ. പറഞ്ഞു. ലോക കാഴ്ച ദിനാചരണത്തിന്റെയും സൗജന്യ നേത്ര പരിശോധന ക്യാമ്പിന്റെയും ജില്ലാതല ഉദ്ഘാടനം ചന്ദനപ്പള്ളി കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സ്മാര്‍ട്ട്ഫോണുകളുടെ അമിത ഉപയോഗം കുട്ടികളിലും മുതിര്‍ന്നവരിലും കാഴ്ചശക്തിയെ ബാധിക്കുന്നു. കുഞ്ഞുങ്ങളെ ഭക്ഷണം കഴിപ്പിക്കുവാന്‍ വേണ്ടി മാതാപിതാക്കള്‍ മൊബൈല്‍ ഫോണില്‍ വീഡിയോ കാണിച്ചു കൊടുക്കുന്ന രീതി വര്‍ധിച്ചുവരുന്നു. ഇത്തരം ശീലങ്ങള്‍ വളരെ ചെറിയ പ്രായത്തില്‍ തന്നെ കുട്ടികളില്‍ കാഴ്ച വൈകല്യങ്ങള്‍ ഉണ്ടാകുന്നതിനും കണ്ണടകള്‍ ഉപയോഗിക്കേണ്ട സാഹചര്യങ്ങള്‍ക്കും ഇടയാക്കുന്നു. ആരോഗ്യമുള്ള ഒരു പുതുതലമുറയെ സൃഷ്ടിക്കുന്നതിന് കണ്ണിന്റെ ആരോഗ്യത്തിന് ഹാനികരമായ കാര്യങ്ങള്‍ പരമാവധി ഒഴിവാക്കണം. കാഴ്ച സംരക്ഷണത്തിനൊപ്പം നേത്രദാനത്തിന്റെ പ്രാധാന്യവും സമൂഹം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ജി.ഗീതാ ദേവി അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജെ.മണികണ്ഠന്‍ മുഖ്യപ്രഭാഷണവും ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.ജിനു ജി.തോമസ് കാഴ്ചദിന സന്ദേശവും നല്‍കി. ജില്ലാ പഞ്ചായത്ത് അംഗം എ.എന്‍.സലീം, കൊടുമണ്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രകാശ് ജോണ്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അംബിക വിനയന്‍, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ.ജീവന്‍ കെ.നായര്‍, കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.പവിത്ര പ്രദീപ്, ജില്ലാ ഒഫ്താല്‍മിക് കോര്‍ഡിനേറ്റര്‍ എം.സി.അജിത് കുമാര്‍, ഡെപ്യൂട്ടി ജില്ലാ എജുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍മാരായ എം.പി.ബിജുകുമാര്‍, ആര്‍.ദീപ എന്നിവര്‍ പങ്കെടുത്തു. ദിനാചരണത്തോടനുബന്ധിച്ച് നടന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പിന് ഡോ.ശ്രുതി, ഡോ.പവിത്ര പ്രദീപ് എന്നിവര്‍ നേതൃത്വം നല്‍കി.




























