തിരുവനന്തപുരം : ആറ്റുകാല്‍ പൊങ്കാല ഇന്ന്. ദേവിക്ക് നിവേദ്യം അര്‍പ്പിക്കുന്നത് വീടുകളില്‍ തന്നെ. ഭക്തജനങ്ങള്‍ നിരനിരയായി ആറ്റുകാലമ്മയ്ക്ക് പൊങ്കാല സമര്‍പ്പിക്കുന്ന പതിവ് കാഴ്ച ഇത്തവണ ഇല്ല. ക്ഷേത്രമുറ്റത്തെ പണ്ടാര അടുപ്പിലും ഭക്തരുടെ വീടുകളിലും ഇന്ന് ആറ്റുകാലമ്മയ്ക്ക് പൊങ്കാല അര്‍പ്പിക്കും. രാവിലെ 10.50ന് ആറ്റുകാലമ്മയുടെ തിരുനടയിലെ പണ്ടാര അടുപ്പില്‍ അഗ്നി പകരും. ആ സമയം തന്നെ ഭക്തരുടെ വീട്ടുമുറ്റങ്ങളിലെ ഒരുക്കിയ അടുപ്പുകളിലും തീ പകരും. ഓരോ വീട്ടിലും ‘അമ്മേ നാരായണ, ദേവീ നാരായണ, ലക്ഷ്മീ നാരായണ, ഭദ്രേ നാരായണ’ മന്ത്രങ്ങള്‍ മുഴങ്ങും.
ക്ഷേത്രത്തില്‍ തന്ത്രി തെക്കേടത്ത് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ശ്രീകോവിലില്‍ നിന്നും ദീപം പകര്‍ന്ന് മേല്‍ശാന്തിക്ക് കൈമാറും. വലിയ തിടപ്പള്ളിയിലെ അടുപ്പ് കത്തിച്ച ശേഷം മേല്‍ശാന്തി ദീപം സഹമേല്‍ശാന്തിക്ക് കൈമാറും. ചെറിയ തിടപ്പള്ളിയിലെ അടുപ്പില്‍ അഗ്നി ജ്വലിപ്പിച്ച ശേഷം പണ്ടാര അടുപ്പിലേക്ക് തീ പകരുമ്പോള്‍ ചെണ്ടമേളം മുഴങ്ങും. ഒപ്പം വെടിക്കെട്ടും ഉണ്ടാകും. വൈകിട്ട് 3.40നാണ് പൊങ്കാല നിവേദിക്കുക. ഭക്തര്‍ക്ക് പൂവും ജലവും തളിച്ച് ദേവിക്ക് നിവേദ്യം അര്‍പ്പിക്കാം.