തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരും. ഒന്‍പതാം തീയതി വരെ സംസ്ഥാനത്ത് അതിശക്തമായ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
വടക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും മഴ കൂടുതല്‍ ശക്തമാകും. ചില ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പ്. ഇന്ന് മലപ്പുറത്ത് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും ആലപ്പുഴ കോട്ടയം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിരിയ്ക്കുകയാണ്.
ശനിയാഴ്ച പതിനാല് ജില്ലകളിലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മലയോര മേഖലകളില്‍ താമസിക്കുന്നവര്‍ക്ക് പ്രത്യേക ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഡാമുകളിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചതിനാല്‍ പരിസര പ്രദേശത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണ൦. താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.
വടക്കന്‍ കേരളത്തില്‍ പല നദികളുടെ കൈവഴികളും കരകവിഞ്ഞ് ഒഴുകുകയാണ്. അതിശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സര്‍ക്കാരും ജില്ലാ ഭരണകൂടവും നല്‍കുന്ന സുരക്ഷാനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും അതിശക്തമായ കാറ്റിനും സാധ്യതയുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ ജാഗ്രത പാലിക്കണം. കേരള തീരത്ത് നിന്ന് മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കര്‍ശന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.