മെൽബൺ: ആസ്ട്രേലിയൻ താരം ജോൺ മിൽമാനെ മാരത്തൺ പോരാട്ടത്തിലൂടെ കീഴടക്കി റോജർ ഫെഡറർ നേടിയത് ആസ്ട്രേലിയൻ ഓപ്പണിലെ നൂറാം ജയം. ഇതോടെ ആസ്ട്രേലിയൻ ഓപ്പൺ, വിംബിൾഡൺ എന്നിവയിൽ 100 ജയം നേടിയ ഒരേയൊരു താരമെന്ന ബഹുമതിയും 38കാരനായ സ്വിസ് താരം സ്വന്തമാക്കി. ആറ് തവണ ജേതാവ് കൂടിയായ ഫെഡ് എക്സ്പ്രസ് 21ാം തവണയാണ് ആസ്ട്രേലിയൻ ഓപ്പണിൽ കളിക്കുന്നത്. 2004, 2006, 2007, 2010, 2017, 2018 വർഷങ്ങളിലായിരുന്നു ഫെഡററുടെ കിരീട നേട്ടം.
കഴിഞ്ഞ ദിവസം നാല് മണിക്കൂറിലേറെ നീണ്ടുനിന്ന അങ്കത്തിനൊടുവിലാണ് ഫെഡറർ ജോൺ മിൽമാനെ മുട്ടുകുത്തിച്ചത്. കരുത്തുറ്റ ആയുധങ്ങളായ ഫോർഹാൻഡിനും ബാക്ഹാൻഡിനും മൂർച്ച കുറഞ്ഞപ്പോൾ, പരിചയസമ്പത്തും സാങ്കേതികത്തികവും തുരുപ്പുശീട്ടാക്കിയായിരുന്നു ഫെഡററുടെ ത്രസിപ്പിക്കുന്ന ജയം. സ്കോർ 4-6, 7-6, 6-4, 4-6, 7-6 (10-8).
ആദ്യ സെറ്റ് ജയിച്ച് അട്ടിമറി സൂചന നൽകിയ മിൽമാനെതിരെ രണ്ടും മൂന്നും സെറ്റിലൂടെ ഫെഡറർ തിരിച്ചെത്തിയെങ്കിലും നാലാം സെറ്റ് കൈവിട്ടു. ശേഷം നിർണായകമായ അഞ്ചാം സെറ്റിൽ. ഇവിടെ പോയൻറ് ബ്രേക് ചെയ്ത് ഫെഡറർ മുന്നിലെത്തിയെങ്കിലും മിൽമാൻ പോരാട്ടം അവസാനിപ്പിച്ചില്ല. അവസാന സർവിൽ ബ്രേക്ചെയ്യാനുള്ള അവസരം ഫെഡറർ കൈവിട്ടതോടെ (6-6) കളി ടൈബ്രേക്കറിലേക്ക്. ഇവിടെ ഓസീസ് താരത്തിനായിരുന്നു വേഗം കൂടുതൽ. എയ്സും ഫോർഹാൻഡും ആയുധമാക്കി മിൽമാൻ 5-2, 7-4 നിലയിൽ കുതിച്ചുപാഞ്ഞു.
നാട്ടുകാർ നിറഞ്ഞ ഗാലറി ആഘോഷം തുടങ്ങിയ നിമിഷം. എന്നാൽ പിന്നീടായിരുന്നു ഫെഡറർ ഗിയർ മാറ്റിയത്. കയറിയും ഇറങ്ങിയും ഷോട്ടുതിർത്ത ഫെഡറർ എതിരാളിയുടെ ബാലൻസ് തെറ്റിച്ചു. നിർണായക നിമിഷത്തിലെ പിഴവുകൾ ഫെഡറർക്ക് പോയൻറായി മാറി. ഒടുവിൽ 10-8ന് ഫെഡഎക്സ്പ്രസ് പ്രീക്വാർട്ടറിലേക്ക്.