ചെങ്ങന്നൂര്‍ : സത്യസന്ധതയ്ക്ക് ആദരവ് ഏറ്റുവാങ്ങിയ ഓട്ടോറിക്ഷാ ഡ്രൈവര്‍ ചികിത്സാ സഹായം തേടുന്നു. രണ്ട് കിഡ്‌നികളും തകരാറിലായതിനെത്തുടര്‍ന്ന് ചെങ്ങന്നൂര്‍ ളാഹാശ്ശേരി ചേരിയില്‍ വീട്ടില്‍ എസ്.വേണുഗോപാല്‍ (55) ആണ് ചികിത്സാ സഹായം തേടുന്നത്. മരുന്നുകള്‍, ഇഞ്ചക്ഷന്‍, ഡയാലിസിസ് എന്നിവയുടെ ചെലവുകള്‍ക്കായിത്തന്നെ ഒരു മാസം 50000 ത്തോളം രൂപ ചെലവുവരും.
അടിയന്തിരമായി കിഡ്‌നി മാറ്റിവയ്ക്കാന്‍ അമൃത ആശുപത്രി ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. കിഡ്‌നി മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയ്ക്കും അനുബന്ധ ചെലവുമായി 20 ലക്ഷം രൂപ ആവശ്യമാണ്. കഴിഞ്ഞ നാല് മാസമായി രോഗം ബാധിച്ചതിനെത്തുടര്‍ന്ന് ഏക വരുമാനമാര്‍ഗ്ഗമായ ഓട്ടോറിക്ഷപോലും ഓടിക്കാന്‍ കഴിയാത്ത അവസ്ഥയാണ്.
ഭാര്യ അനിത വേണുഗോപാല്‍ കിഡ്‌നി നല്‍കാന്‍ തയ്യാറാണ്. ഇതിനായുള്ള പണം കണ്ടെത്തിയാല്‍ മാത്രമേ തുടര്‍ചികിത്സകള്‍ നടത്താന്‍ കഴിയുകയുള്ളൂ. ഭാര്യ അനിതയ്ക്ക് തൊഴിലുകളൊന്നുമില്ല. ഇവര്‍ക്ക് രണ്ട് ആണ്‍മക്കളാണ് ഉള്ളത്. ഇവരുടെ ചെറിയ തൊഴിലുകളില്‍ നിന്നും ലഭിക്കുന്ന വരുമാനം മാത്രമാണ് കുടുംബത്തിന്റെ ഏക ആശ്രയം. ചികിത്സാ ചെലവും കുടുംബത്തിന്റെ ദൈനംദിന കാര്യങ്ങളും മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയാണ്.
വേണുഗോപാല്‍ ഓടിച്ച ഓട്ടോറിക്ഷയില്‍ കയറിയ യാത്രക്കാര്‍ മറന്നുവച്ച 50000 രൂപ ഉടമയെ കണ്ടെത്തി തിരിച്ചു നല്‍കിയതിന് ജനമൈത്രീ പോലീസ്, ജെസിഐ തുടങ്ങി നിരവധി സംഘടനകള്‍ നേരത്തെ വേണുഗോപാലിന് ആദരവ് നല്‍കിയിട്ടുണ്ട്. നിരവധി മാധ്യമങ്ങളിലും വാര്‍ത്തകളും പ്രസിദ്ധീകരിച്ചിരുന്നു. എല്ലാവരോടും നല്ല സൗഹൃദം പുലര്‍ത്തുന്ന ആളായതിനാല്‍ സുഹൃത്തുക്കളും നാട്ടുകാരുമുള്‍പ്പെടെ ഉള്ളവരുടെ സഹായത്തോടെയാണ് കുടുംബം മുന്നോട്ടു പോകുന്നത്.
വേണുഗോപാലിനെ സഹായിക്കാന്‍ തയ്യാറുള്ളവര്‍ ഇന്‍ഡ്യന്‍ ബാങ്ക് ചെങ്ങന്നൂര്‍ ശാഖയില്‍ ഭാര്യ അനിതയുടെ പേരിലുള്ള അക്കൗണ്ടില്‍ സഹായം ചെയ്ത് ശസ്ത്രക്രിയക്കുള്ള അവസരമൊരുക്കണം. അക്കൗണ്ട് നമ്പര്‍ 6964008477 IFSC IDIB000C015, മൊബൈല്‍ 9847768666