ബേപ്പൂർ : മോഷ്ടിച്ച ഓട്ടോയിലെ സ്റ്റീരിയോ വിൽക്കാൻ ശ്രമിക്കുന്നതിനിടെ തൊണ്ടിമുതലോടെ മോഷ്ടാവ് പിടിയില്‍. കോഴിക്കോട് ബേപ്പൂര്‍ കുണ്ടായിത്തോട് പറമ്പത്ത് വീട്ടിൽ പി.വി.ഷമീറിനെയാണ് പോലീസ് പിടികൂടിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ഓട്ടോ പോലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ ചാലിയം കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപം കെഎൽ 55 കെ 3324 നമ്പർ ഓട്ടോയുമായി എത്തിയ പ്രതി മറ്റ് ഓട്ടോക്കാരോട് താക്കോൽ ചോദിക്കുകയും സ്റ്റീരിയോ വിൽപന നടത്താൻ ശ്രമിക്കുകയുമുണ്ടായി.
സംശയം തോന്നിയ ചാലിയത്തെ ഓട്ടോ ഡ്രൈവർമാർ കടലുണ്ടി പോലീസിൽ വിവരം നൽകി. എസ്ഐ പി.പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ പോലീസ് എത്തി അന്വേഷണം നടത്തിയതിൽ ഓട്ടോ താനൂരിൽ നിന്നു മോഷ്ടിച്ചതാണെന്നു കണ്ടെത്തി. ഓട്ടോയുടെ ഉടമയെ കണ്ടെത്തി വിവരം അറിയിക്കാൻ പോലീസ് ശ്രമം തുടങ്ങി. എഎസ്ഐ പി.അരുൺ കുമാർ. സിപിഒ കെ.വിനീഷ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.